Connect with us

National

ഹെര്‍മിറ്റ്: പെഗാസസിനെ വെല്ലുന്ന പുതിയ സ്‌പൈവെയര്‍; സര്‍ക്കാറുകളുടെ പുതിയ ചാരക്കണ്ണ്

പല രാജ്യങ്ങളിലും ആളുകളെ നിരീക്ഷിക്കാന്‍ ഈ സ്‌പൈവെയര്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍; ഒരു എസ്എംഎസ് വഴിയാണ് സ്‌പൈവെയര്‍ ഉപഭോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പെഗാസസ് സ്‌പൈവെയറിന്റെ പേര് പലരും കേട്ടിട്ടുണ്ടാകും. വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന ഈ സോഫ്റ്റ്വെയര്‍ ലോകത്തെ പല സര്‍ക്കാരുകളും ഉപയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വലിയ കോലാഹലങ്ങളുണ്ടായി. എന്നാല്‍, വിവാദങ്ങള്‍ വന്നതോടെ സര്‍ക്കാരുകള്‍ ഈ സോഫ്റ്റ്വെയറില്‍ നിന്ന് അകന്നു.

ഇപ്പോഴിതാ പെഗാസസിനെപ്പോലെ അപകടകാരിയായ മറ്റൊരു സോഫ്റ്റ്വെയറിന്റെ പേര് പുറത്തുവരുന്നു. വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന ഹെര്‍മിറ്റ് എന്ന പുതിയ സ്‌പൈവെയറിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പല രാജ്യങ്ങളിലും ആളുകളെ നിരീക്ഷിക്കാന്‍ ഈ സ്‌പൈവെയര്‍ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഒരു എസ്എംഎസ് വഴിയാണ് സ്‌പൈവെയര്‍ ഉപഭോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

ഏപ്രിലില്‍ കസാക്കിസ്ഥാനിലാണ് ഈ സ്‌പൈവെയര്‍ ആദ്യമായി കണ്ടത്. കസാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നയത്തിനെതിരായ പ്രക്ഷോഭത്തിന് ശേഷമാണ് ഈ സ്‌പൈവെയര്‍ കണ്ടെത്തിയത്. പിന്നീട് പല രാജ്യങ്ങളിലും പുതിയ സ്‌പൈവെയര്‍ കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍, സിറിയയിലെയും ഇറ്റലിയിലെയും ഉപയോക്താക്കളുടെ ഫോണുകളിലും ഹെര്‍മിറ്റ് സ്‌പൈവെയര്‍ കണ്ടതായി സുരക്ഷാ ഗവേഷകരായ ലുക്ക്ഔട്ട് പറയുന്നു.

ഇറ്റാലിയന്‍ സ്‌പൈവെയര്‍ വില്‍പനക്കാരായ ആര്‍ സി എസ് ലാബും ടൈകെലാബ് എസ്എല്‍ആറും ചേര്‍ന്നാണ് ഹെര്‍മിറ്റ് സ്‌പൈവെയര്‍ വികസിപ്പിച്ചെടുത്തത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണ് ലക്ഷ്യം. എല്ലാ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ക്ഷുദ്രവെയര്‍ പ്രവര്‍ത്തിക്കുന്നു. എസ്എംഎസ് വഴിയാണ് സോഫ്റ്റ്വെയര്‍ ആളുകളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഈ സ്‌പൈവെയര്‍ ഇതുവരെ ഐ ഒ എസില്‍ കണ്ടെത്തിയിട്ടില്ല.

ഇസ്രയേലി സോഫ്റ്റ് വെയര്‍ കമ്പനിയായ എന്‍. എസ്. ഒ നിര്‍മിച്ച പെഗാസസ് സ്‌പൈവെയര്‍ ഉയര്‍ത്തിയ വെല്ലുവിളി അവസാനിക്കും സമാനമായ മറ്റൊരു സ്‌പൈവെയര്‍ കൂടി രംഗത്ത് വരുന്നത്. ആപ്പിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ ഐ. ഒ. എസ്. (ഐഫോണ്‍ ഒഎസ്) അധിഷ്ഠിതമായ മൊബൈല്‍ ഫോണുകളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്താനാണ് പെഗാസസ് ഉപയോഗിക്കുന്നത്. വാട്സ്ആപ്പിലേക്ക് ഒരു മിസ്ഡ് വീഡിയോ കോള്‍ വരുന്നതോട് കൂടി പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ് രീതി. ഇന്ത്യയിലെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പല പ്രമുഖരുടെയും വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

 

 

Latest