First Gear
ആക്‌സിസ് ബേങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്
2022 ജനുവരിയില്‍ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന രജിസ്ട്രേഷനില്‍ ഹീറോ ഇലക്ട്രിക് ആണ് ഒന്നാം സ്ഥാനത്തുള്ളത്.
ന്യൂഡല്‍ഹി| രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ബ്രാന്‍ഡായ ഹീറോ ഇലക്ട്രിക് ആക്‌സിസ് ബേങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ബ്രാന്‍ഡ് നിരയിലെ മുഴുവന്‍ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയ്ക്കും എളുപ്പവും തടസ്സരഹിതവുമായ റീട്ടെയില്‍ ഫിനാന്‍സിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുവേണ്ടിയാണ് ആക്‌സിസ് ബേങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചതെന്ന് ഹീറോ വ്യക്തമാക്കി. ഹീറോ ഇലക്ട്രിക്കിന്റെ 750-ലധികം ഡീലര്‍മാരുടെ ശൃംഖലയിലുടനീളം ഉപഭോക്താവിന് ഇരുചക്രവാഹന ഫിനാന്‍സിംഗ് തെരഞ്ഞെടുക്കാം. ഒരു സാമ്പത്തിക പങ്കാളി എന്ന നിലയില്‍, ആക്‌സിസ് ബേങ്ക് ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും കസ്റ്റമൈസ്ഡ് ലോണ്‍ തുകയും, ഫ്‌ളെക്‌സിബിള്‍ കാലാവധിയും വാഗ്ദാനം ചെയ്യും.
ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയില്‍ അധിപത്യം നേടി മുന്നേറുകയാണ് ഹീറോ ഇലക്ട്രിക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ മോഡലുകളുടെ വില്‍പ്പന വര്‍ധിച്ചിരിക്കുകയാണെന്ന് കമ്പനി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഹീറോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാത്തിരിപ്പ് കാലയളവ് ഉയര്‍ന്നുതന്നെയാണ്. നിരവധി വാഹന നിര്‍മാതാക്കള്‍ വില്‍പ്പനയില്‍ പ്രകടമായ വര്‍ധന രേഖപ്പെടുത്തുന്നതിനാല്‍ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പന ഗണ്യമായി വര്‍ധിക്കുകയാണ്.
2022 ജനുവരിയില്‍ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന രജിസ്ട്രേഷനില്‍ ഹീറോ ഇലക്ട്രിക് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. കമ്പനി മൂന്ന് പ്രധാന ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളാണ് വില്‍പ്പന നടത്തുന്നത്. ഹീറോ ഒപ്റ്റിമ, ഹീറോ എന്‍വൈഎക്‌സ്, ഹീറോ ഫോട്ടോണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസത്തെ രജിസ്‌ട്രേഷന്‍ 7,763 യൂണിറ്റായി ഉയര്‍ന്നു. 2021 ജനുവരിയില്‍ വിറ്റ 1,680 യൂണിറ്റുകളില്‍ നിന്ന് വിപണി വിഹിതം 0.14 ശതമാനത്തില്‍ നിന്ന് 0.76 ശതമാനമായി വര്‍ധിച്ചു.
ഒഖിനാവ ഓട്ടോടെക് 2021 ജനുവരിയില്‍ വിറ്റ 725 യൂണിറ്റുകളില്‍ നിന്ന് 2022 ജനുവരിയില്‍ 5,613 യൂണിറ്റായി റീട്ടെയില്‍ വില്‍പ്പന നടത്തി. ഒഖിനാവ ഐ-പ്രൈസ്+ ആണ് കമ്പനിയുടെ മുന്‍നിര മോഡല്‍. വൈകാതെ തന്നെ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ പരീക്ഷണം കമ്പനി സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്.