Editors Pick
അനില്‍ ആന്റണിക്ക് വീരപരിവേഷം; അവസരം മുതലെടുത്ത് സംഘപരിവാർ
ബി ബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ അങ്കലാപ്പിലായ ബി ജെ പിക്ക് ആശ്വാസമായി കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെ നിലപാട്.
പ്രതിസന്ധിയില്‍ അകപ്പെട്ട ബി ജെ പിക്ക് പ്രതിരോധം തീര്‍ത്ത എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിക്ക് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ വീര പരിവേഷം. സ്വന്തം പാരമ്പര്യത്തേയും പാര്‍ട്ടിയേയും ഇരുട്ടിവെളുക്കും മുമ്പു തള്ളിപ്പറഞ്ഞ അനില്‍ കെ ആന്റണിയെ പുകഴ്ത്തിയും കോണ്‍ഗ്രസ്സിനെ അധിക്ഷേപിച്ചും ബി ജെ പി രംഗത്തുവന്നു. എ. കെ. ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുല്‍ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാന ദുരവസ്ഥ എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്.
എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരില്‍ ഇന്ത്യാവിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല. പിന്നെ സി. പി. എമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാന്‍ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാര്‍ത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികള്‍- എന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനില്‍ ആന്റണിയെന്നാണു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. ബി.ജെ.പി മാനസിക നിലയുള്ള സുധാകരന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാന്‍ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബി.ബി.സി ഡോക്യുമെന്ററി കാണണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന കാരണങ്ങളാണ് തന്റെ രാജിയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണമെന്നാണ് അനില്‍ കെ ആന്റണി പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് മോശമായ പ്രതികരണമാണുണ്ടായത്. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നാണ് സമൂഹമാധ്യമങ്ങളില്‍ ശക്തമായ ആക്രമണം ഉണ്ടായത്. 2017ലാണ് ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേരിട്ടു പറഞ്ഞതിനാലാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. 2019ല്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, ഇന്ത്യയില്‍ ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ഡോ.ശശി തരൂരും പറഞ്ഞതിനാലാണ് കോണ്‍ഗ്രസിന്വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങിയതെന്നും അനിൽ ആന്റണി വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2019 മുതല്‍ കോണ്‍ഗ്രസിന് അകത്തൊരു സിസ്റ്റം ഉണ്ടാക്കിയിരുന്നു. വളരെ സാംസ്‌കാരികമായ സിസ്റ്റം. പക്ഷേ അങ്ങനെ ഒരു സിസ്റ്റം ഈ രീതിയിലേക്ക് അധപ്പതിച്ചു പോയതില്‍ വിഷമമുണ്ട്. 2021 വരെ തിരഞ്ഞെടുപ്പുകളില്‍ സജീവമായി ഇറങ്ങി. എന്നാല്‍ ഏതാനും മാസങ്ങളായി പല കാരണങ്ങളാല്‍ ഞാന്‍ മാറിനില്‍ക്കുകയാണ്. തനിക്കെതിരെ മോശമായ കമന്റുകള്‍ എവിടെനിന്നാണ് വരുന്നതെന്ന് നന്നായി അറിയാം. ഇത്രയ്ക്ക് സംസ്‌കാരശൂന്യരായ ഒരുപറ്റം നേതാക്കളുടെയും അണികളുടെയും കൂടാരമായി മാറിയ ഈ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നത് ഉചിതമല്ല എന്നു തോന്നിയതു കൊണ്ടാണ് രാജിവെക്കുന്നത് എന്നും അനില്‍ ആന്റണി പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന അനില്‍ കെ ആന്റണി ഇന്നലെ ട്വീറ്റ് ചെയ്തത്. ഡോക്യുമെന്ററി നിരോധിച്ചതിനെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നതിനിടെയാണ് വിരുദ്ധാഭിപ്രായവുമായി അനില്‍ കെ. ആന്റണി രംഗത്തെത്തിയത്. ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബി ബി സിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും അനില്‍ പറഞ്ഞിരുന്നു. ബി ബിസി ഡോക്യുമെന്ററി പുറത്തു വന്നതോടെ അങ്കലാപ്പിലായ ബി ജെ പിക്ക് ആശ്വാസമായി കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകന്റെ നിലപാട്. വീണുകിട്ടിയ ഈ അവസരം മുതലെടുക്കുകയാണ് അവരിപ്പോൾ.
അതേസമയം, സംഘപരിവാര്‍ ഭീഷണിക്കു വഴങ്ങാതെ പുതിയ തലമുറ തെരുവിലും ക്യാമ്പസ്സിലും ഡോക്യുമെന്ററിയുടെ പരസ്യപ്രചരണം സംഘടിപ്പിക്കുകയാണ്. ബി ബി സി ഡോക്യുമെന്ററി സുപ്രികോടതിയുടെ പരമാധികാരത്തിലേയ്ക്കും വിശ്വാസ്യതയിലേയ്ക്കുമുള്ള കടന്നു കയറ്റമാണെന്ന ബി ജെ പിയുടെ വാദം അവര്‍ക്കു തന്നെ തിരിച്ചടിയായി മാറിയിരുന്നു. ശബരിമല സുപ്രീം കോടതി വിധിക്കെതിരെ തെരുവില്‍ കലാപം നടത്തിയവര്‍ക്ക് സുപ്രീംകോടതി വിധിയുടെ മഹത്വം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലായിരുന്നു.
ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെയ്ക്കുകയായിരുന്നു. ആ അന്വേഷണ റിപ്പോര്‍ട്ട് മോദിയെ വെള്ളപൂശാന്‍ തട്ടിക്കൂട്ടിയതാണെന്ന വിമര്‍ശനം അന്നേ ഉയർന്നിരുന്നു.