Connect with us

From the print

മത്തിയെ "ലാനിന' തിരിച്ചെത്തിക്കും

ഓടിയൊളിച്ച മത്തി അടക്കമുള്ള മത്സ്യങ്ങൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തിരിച്ചുവരുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്

Published

|

Last Updated

കോഴിക്കോട് | സമുദ്രോപരിതലത്തിൽ താപനില കുറയുന്ന “ലാനിന’ പ്രതിഭാസം കടലിനെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കീഴടക്കുന്നതോടെ രാജ്യത്ത് മത്തിയുടെ ലഭ്യത വർധിക്കും. നിലവിൽ കഴിഞ്ഞ വർഷം ഡിസംബർ മുതൽ ആരംഭിച്ച ഉഷ്ണതരംഗം (എൽനിനോ) വർധിച്ചതിന്റെ പ്രതിഫലനത്തിൽ ഓടിയൊളിച്ച മത്തി അടക്കമുള്ള മത്സ്യങ്ങൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തിരിച്ചുവരുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഇതോടെ മത്സ്യ മാർക്കറ്റുകളിൽ സുലഭമായിരുന്ന മത്തിയെ മലയാളിക്ക് വീണ്ടും ആവോളം രുചിക്കാനാകും. ഈ വർഷം ആഗസ്റ്റോടെയാണ് “ലാനിന’ ശക്തമാകുകയെന്നാണ് നിരീക്ഷണം. ലോകത്ത് എൽനിനോയുടെ വിപരീത പ്രതിഭാസമാണ് “ലാനിന’.

മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ കേരളത്തിന്റെ തീരക്കടലിലെ ചൂട് കഴിഞ്ഞ വേനൽ കാലത്ത് പലപ്പോഴും 28-32 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ചൂട് പലപ്പോഴും 32 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നതിനാൽ മത്തികൾ തീരക്കടലിൽ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോവുകയാണെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റ്ബീറ്റ്‌വെതർ വ്യക്തമാക്കി. ഡിസംബർ മുതൽ മെയ് വരെ നീണ്ടുനിന്ന എൽനിനോ പ്രതിഭാസത്തിലെ കനത്ത ചൂടിൽ മുട്ടകൾ വിരിയുന്നതും പ്രതിസന്ധിയിലായിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിവിധ മേഖലകളിൽ താപനിലയിൽ വലിയ മാറ്റം കാണപ്പെടുന്ന “ഇന്ത്യൻ ഓഷ്യൻ ഡൈപോൾ’ എന്ന പ്രതിഭാസത്തിന്റെ പ്രതിഫലനവും കേരള, കർണാടക തീരങ്ങളിൽ അനുഭവപ്പെട്ടിരുന്നു. സാധാരണഗതിയിൽ മത്തിക്ക് വേണ്ടത് പത്ത് സെന്റിമീറ്റർ വലിപ്പമാണ്. എന്നാൽ, നിലവിൽ മത്തി ലഭ്യമല്ല എന്നതിനൊപ്പം കിട്ടുന്നതിന് വലിപ്പക്കുറവുമാണ്. മത്സ്യ ആവാസ വ്യവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന പവിഴപ്പുറ്റുകളും ശക്തമായ ഉഷ്ണതരംഗത്തിൽ നശീകരണ ഭീഷണി നേരിട്ടിരുന്നു. ഇതും മത്സ്യങ്ങളുടെ വലിപ്പത്തേയും ജീവനേയും ബാധിച്ചിട്ടുണ്ട്.

ലാനിന പ്രതിഭാസത്തിന്റെ ഫലം മത്സ്യ മേഖലയിൽ അടുത്ത വർഷം മുതൽ മാത്രമേ കൂടുതൽ അനുഭവിക്കാൻ കഴിയുകയുള്ളൂവെന്നാണ് സി എം ആർ എഫ് ഐയിലെ ശാസ്ത്രജ്ഞരുടെ നിരീക്ഷണം. അതേസമയം, നിലവിൽ മത്തിയുടെ ലഭ്യതക്കുറവ് കാരണം വില കുത്തനെ ഉയരുകയാണ്.

---- facebook comment plugin here -----

Latest