Connect with us

Cover Story

'ഇയി ബൈറാം മുബാറേക്..'

ലോകത്തെ ഏറ്റവും മനോഹരമായ പെരുന്നാളാഘോഷങ്ങളിൽ ഒന്നാണ് തുർക്കിയിലെ ജനങ്ങളുടെത്. ബലി പെരുന്നാളിൻ്റെ ആത്മീയഭാവം ഉൾവഹിക്കുന്ന ജനങ്ങളുടെ സ്നേഹസമ്പന്നമായ ആഘോഷം കാണാൻ തുർക്കിയിലെ ഗ്രാമ പ്രദേശങ്ങളിലേക്ക് പോകണം. പച്ചപ്പും തണുപ്പും ചൂടൻ ഭക്ഷണവിഭവങ്ങളും മഞ്ഞും കലർന്ന ഒരു പെരുന്നാൾ ഓർമ.

Published

|

Last Updated

2012 ഒക്ടോബർ അവസാനത്തിലാണ് തുർക്കിയിലെ ഇസ്താംബുൾ ഇന്റർനാഷനൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. നല്ല തണുപ്പുള്ള ഒരു വൈകുന്നേരം. യാത്രാ രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥൻ ചിരിച്ചുകൊണ്ട് “ഇയി ബൈറാം മുബാറേക്’ എന്ന് പറഞ്ഞു. എയർപോർട്ടിലെ പലയിടങ്ങളിലും ഇതേ വാചകം എഴുതി വെച്ചിട്ടുണ്ട്. “നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഈദാശംസകൾ.’

എയർപോർട്ടിൽ നിന്ന് യാത്ര തിരിച്ചപ്പോൾ, ഞങ്ങളെ സ്വീകരിക്കാൻ എത്തിയ ആകിഫ് ആബി ആണ് ഈ പദത്തിന്റെ അർഥം വിശദീകരിച്ചു തന്നത്. മുബാറേക് എന്ന് കേട്ടപ്പോൾ തന്നെ ഹൃദ്യമായ ഒരാശംസ ആണെന്ന് തോന്നിയിരുന്നു. ആബി എന്നാൽ ജ്യേഷ്ഠ സഹോദരൻ. എല്ലാവരോടും പരസ്പര ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന തുർക്കിയിലെ ജനങ്ങൾക്ക് എല്ലാവരും “ആബി’ ആണ്. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പേര് പോലും ബഹുമാനം കൊണ്ട് അവർ വിളിക്കുന്നത് മെഹ്്മത് എന്നാണ്. മുഹമ്മദ് എന്ന നാമം ഉച്ചരിക്കാൻ എന്റെ നാവിന് എങ്ങനെ സാധിക്കും എന്ന വിനീതമായ ചിന്തയിൽ നിന്നാണ് അത്തരം മാറ്റങ്ങൾ വരുന്നത്. പരസ്പരം ആദരിക്കുന്നതിൽ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളെ കഴിഞ്ഞേ വേറെ എവിടെയും ആളുള്ളൂ. അത്രമേൽ ഹൃദ്യമായ സ്വീകരണവും ആദരവും. പെരുന്നാളിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഇപ്പോൾ തന്നെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നാണ് ആകിഫ് ആബിയുടെ മറുപടി.

പുറത്ത് ചെറിയ ചാറ്റൽ മഴയുണ്ട്. നല്ല കാലാവസ്ഥ. ഡൽഹിയിൽ നിന്ന് താജിക്കിസ്ഥാൻ വഴി ഒന്പത് മണിക്കൂർ സമയമെടുത്താണ് ഇവിടെയെത്തിയത്. ക്ഷീണം അശേഷമില്ല. തുർക്കിക്കാരുടെ ഹൃദ്യമായ പെരുമാറ്റവും സ്നേഹവും എല്ലാ ക്ഷീണവും അകറ്റുന്നതായിരുന്നു. ഉള്ളിൽ നല്ല തണുപ്പുണ്ട്. അത് പുറമേക്ക് പനിയായി വരുമോ എന്ന പേടിയും ഉണ്ട്. പനിയുടെ കുളിര് വന്നു തുടങ്ങിയിട്ടുണ്ട്.

ഒരു അന്തർദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനാണ് ഇസ്താംബുളിലെത്തിയത്. സെമിനാറും സൈറ്റ് വിസിറ്റും യാത്രയുമൊക്കെയായി ഒരു മാസത്തെ പദ്ധതിയാണ്. 1877 ൽ തുർക്കിയിൽ ജനിച്ച മുസ്‌ലിം ദാർശനികനായ ബദീഉസ്സമാൻ സഈദ് നുർസിയുടെ ചിന്തകളും സംഭാവനകളും വിശദമായി ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ മുപ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പേപ്പർ അവതരിപ്പിക്കുന്നുണ്ട്. ആറായിരം പേജുള്ള രിസാലെ നൂർ എന്ന ഖുർആൻ വ്യാഖ്യാനം എഴുതിയത് സഈദ് നുർസിയാണ്.

സംഘാടകരായ ഇസ്താംബുൾ ഫൗണ്ടേഷൻ ഫോർ സയൻസ് ആൻഡ് കൾച്ചറൽ പ്രതിനിധികൾ ഞങ്ങൾക്ക് താമസസൗകര്യം ഒരുക്കിയത് മനോഹരമായ ഒരു ഹോട്ടലിലായിരുന്നു. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന ബോസ്ഫറസ് കനാലിന് അരികിൽ. പുറത്തേക്ക് നോക്കിയാൽ ഓർഹാൻ പാമുക് തന്റെ നോവലുകളിലൂടെ പരിചയപ്പെടുത്തിയ അതേ തണുപ്പ്. മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞ് നിൽക്കുന്ന ഇസ്താംബുൾ നഗരം.

അടുത്ത ദിവസം പനി ശക്തിപ്പെട്ടു. അപ്പോഴേക്കും ഞങ്ങൾ ബോസ്‌ഫറസ് കടന്ന് തുർക്കിയുടെ ഏഷ്യൻ ഭാഗത്ത് എത്തിയിരുന്നു. ഹാസിയ എന്ന നഗരത്തിലെ വലിയ ഒരാശുപത്രിയിൽ അഡ്മിറ്റ് ആയി. ശരീരത്തിന് നല്ല ചൂടുണ്ട്. പല ടെസ്റ്റുകൾ നടത്തി. ഒരാഴ്ച ആശുപത്രിവാസം. ടർക്കിഷ് മാത്രം സംസാരിക്കുന്ന ഡോക്ടർമാർ നിർദേശം തന്നു. പിന്നീടുള്ള എട്ട് ദിവസമാണ് തുർക്കിയിലെ പെരുന്നാൾ ഓർമകൾ. ഒരുപക്ഷേ, ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവം. എന്നോടൊപ്പം ആശുപത്രിയിൽ എല്ലാ ദിവസവും ഉണ്ടായിരുന്നത് നുജൂം ആബി എന്ന വലിയ മനസ്സുള്ള മനുഷ്യനായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അദ്ദേഹം രിസാലെ നൂറിൽ നിന്നുള്ള ഭാഗങ്ങൾ വായിക്കും. പ്രത്യേകിച്ച്, അസുഖം വന്നാൽ ഒരു വിശ്വാസിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ വിശദീകരിക്കുന്ന ഭാഗം. പിന്നീട് ദീർഘനേരം സംസാരമാണ്. സരസമായി സംസാരിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എല്ലാവരും തുർക്കിയിൽ മാത്രം സംസാരിച്ചപ്പോൾ എനിക്ക് ഇംഗ്ലീഷിൽ മൊഴിമാറ്റം നടത്തിത്തന്നത് നുജൂം ആബി ആയിരുന്നു.

ആശുപത്രിയിലെ പ്രധാന പ്രശ്നം ഭക്ഷണമായിരുന്നു. ഓരോ നേരവും എന്റെയരികിൽ വിഭവസമൃദ്ധമായ തുർക്കി ഭക്ഷണമെത്തി. പക്ഷേ, ഒന്നും കഴിക്കാൻ സാധിക്കാത്ത രൂപത്തിൽ ഞാൻ ഛർദിച്ചു കൊണ്ടേയിരുന്നു. ഭക്ഷണം എത്തുമ്പോഴൊക്കെ ഇതാണ് സ്ഥിതി. വെള്ളം മാത്രം രക്ഷ. മൂന്നാം ദിവസം രാത്രി ആയപ്പോൾ നുജൂം ആബി എന്നോട് പറഞ്ഞു: “നമുക്ക് ഒരു ഗ്രാമത്തിൽ പോകാം. അവിടെ നമുക്ക് ഇന്ത്യൻ കഞ്ഞി കിട്ടും.’

ഞാനും അദ്ദേഹവും ആശുപത്രിയിൽ നിന്നിറങ്ങി. ഗാസിയൻതെപ് നഗരത്തിന്റെ ഊടുവഴികളിലൂടെ ഞങ്ങളുടെ കാർ മുന്നോട്ടുനീങ്ങി. ലോകത്തിലെ ഏറ്റവും നല്ല ഇറച്ചി വിഭവങ്ങൾ ലഭിക്കുന്ന സ്ഥലം. ഒരു വലിയ കബാബ് കടയുടെ മുന്നിലെത്തിയപ്പോൾ നുജൂം ആബി വണ്ടിനിർത്തി. “നാളെ പെരുന്നാൾ ആണ്. നമുക്ക് ആഘോഷം ഇപ്പോൾ തന്നെ തുടങ്ങാം. ആ വലിയ കടയിൽ നിന്ന് ഇഷ്ടമുള്ള വിഭവങ്ങൾ ഓർഡർ ചെയ്തു. കഴിച്ചപ്പോൾ അൽപ്പം ആശ്വാസം തോന്നി.
നഗരം വിട്ട് ഗ്രാമപ്രദേശത്തേക്ക് പ്രവേശിച്ചപ്പോൾ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. മസ്ജിദുകൾ മനോഹരമായ തക്ബീർ ധ്വനികൾ കൊണ്ട് മുഖരിതമായിരുന്നു. ചെറിയ കുന്നുകൾ താണ്ടി ഞങ്ങൾ മലമുകളിലെ ഒരു വീട്ടിൽ എത്തി. ചിരിച്ചു കൊണ്ട് ഞങ്ങളെ സ്വീകരിച്ചത് വൃദ്ധയായ ഒരു സ്ത്രീയായിരുന്നു. നഫീസ അതാ തുർക്ക് എന്നായിരുന്നു അവരുടെ പേര്. അവരുടെ കുട്ടികളും പേരക്കുട്ടികളുമായി ഒരുപാട് പേർ അവിടെയുണ്ട്. എല്ലാവരുടെ മുഖത്തും നിറഞ്ഞ പുഞ്ചിരി. വീട് നന്നായി അലങ്കരിച്ചിരുന്നു. അത് തുർക്കിയിലെ സാധാരണക്കാർക്ക് നിർബന്ധമാണ്. പെരുന്നാളിന് വീട് മുഴുവൻ അലങ്കരിക്കണം. വീടിനു പുറകിൽ ഇറച്ചി വിഭവങ്ങൾ തയ്യാറാക്കാനുള്ള വിശാലമായ സംവിധാനങ്ങൾ ഉണ്ടായിരുന്നു. ഗ്രാമത്തിലെ എല്ലാ വീട്ടിലും ഇങ്ങനെ ഗ്രിൽ ചെയ്യാനുള്ള സംവിധാനം ഉണ്ടാകുമെന്ന് നഫീസ ഉമ്മ പറഞ്ഞു. എനിക്ക് കഞ്ഞി തന്നു. ശരിക്കും നമ്മുടെ നാട്ടിലുള്ള അതേ കഞ്ഞി. മധുര പലഹാരങ്ങൾ ആണ് ഒപ്പം തന്നത്. അത് പെരുന്നാളിന് വീട്ടിൽ എത്തുന്ന അതിഥികൾക്ക് നൽകാൻ ഇവർക്ക് വലിയ ഉത്സാഹമാണ്. പെരുന്നാൾ ദിവസം അറവുണ്ട്. ഏഴ് വലിയ ചെമ്പരിയാടുകളെയാണ് ഈ വീട്ടുകാർ ഉളുഹിയത്ത് അറുക്കുന്നത്. എനിക്ക് ആ ആടുകളെ കാണിച്ചു തന്നു.


പിന്നീട് ഒരു ചടങ്ങാണ്. വീട്ടിലെ എല്ലാ കുട്ടികളും വന്ന് മുതിർന്നവരുടെ കൈ മുത്തുന്ന വിശിഷ്ടമായ ചടങ്ങ്. ഇത് പെരുന്നാൾ ദിവസം എല്ലാ വീട്ടിലും നടക്കും. അങ്ങനെ കുട്ടികൾ കൈ മുത്തുമ്പോൾ മുതിർന്നവർ കുട്ടികളുടെ തലയിൽ കൈ വെച്ച് പ്രാർഥിക്കും; ഈദാശംസകൾ കൈമാറും. നഫീസ ഉമ്മയുടെ വീട്ടിലെ എല്ലാവരും മധുര പലഹാരങ്ങൾ പരസ്പരം കൈമാറി.

പെരുന്നാൾ ദിവസം സുബ്ഹി നിസ്കാര ശേഷം അതിരാവിലെ മസ്ജിദിലേക്ക് പുറപ്പെട്ടു. പോവുന്ന വഴികളിൽ ധാരാളം ഇടങ്ങളിൽ വലിയ ചെമ്മരിയാടുകളെ പാർപ്പിച്ച സ്ഥലങ്ങൾ കണ്ടു. വാഹനങ്ങളിൽ നിന്ന് കൂട്ടമായി ആടുകളെ ഇറക്കുന്നുണ്ട്. പെരുന്നാൾ ദിവസം ഗ്രാമങ്ങളിലെ എല്ലാവരും പ്രധാനമായും “കുർബാനി’യുടെ തിരക്കിലായിരിക്കും. പെരുന്നാൾ നിസ്കാരവും ആശംസകൾ കൈമാറലും ഏറെ ഹൃദ്യമായിരുന്നു. ഉടൻ അറവ് തുടങ്ങി. ഒരു വീട്ടിൽ ഏറ്റവും ചുരുങ്ങിയത് ഒരാടിനെയെങ്കിലും ഉളുഹിയത്ത് അറുക്കും. പിന്നെ അത് വിതരണം ചെയ്യലാണ് പ്രധാന പരിപാടി. തുർക്കിയുടെ വിശിഷ്ട വിഭവങ്ങൾ അണിനിരത്തി വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം. പരിസരത്തുള്ള എല്ലാ വീട്ടിലും കയറി. പെരുന്നാൾ അതിഥിയായി ചെല്ലുന്നവർ മധുരവും കൊണ്ടാണ് പോവുക. മധുരത്തിന്റെ ദിവസം കൂടിയാണ് ഇവിടെ പെരുന്നാൾ. പെരുന്നാൾ ദിവസം ധാരാളം നടക്കുകയും ഉച്ചത്തിൽ തക്ബീർ ചൊല്ലുകയും ചെയ്യും. ചെണ്ട കൊട്ടി പോവുന്ന ഒരു തക്ബീർ സംഘത്തെ കണ്ടു. എല്ലാവരും യുവാക്കളാണ്. ഉച്ചഭക്ഷണം പതിവില്ല. പിന്നെ വൈകിട്ട് മഗ്്രിബ് നിസ്കാര ശേഷമാണ് പ്രധാന അത്താഴം. പെരുന്നാൾ ദിവസം രാത്രിയാണ് പ്രധാന ആഘോഷങ്ങൾ. തീ കാഞ്ഞ്, പാട്ടുപാടി, ഭക്ഷണം കഴിച്ച് മനോഹരമായ ആഘോഷം.

പെരുന്നാൾ കഴിഞ്ഞ് വീണ്ടും ആശുപത്രിയിൽ പോയി. നാല് ദിവസം കൂടി ആശുപത്രിയിൽ. അപ്പോഴൊക്കെയും നുജൂം ആബി ഒപ്പമുണ്ട്. സരസമായി സാംസാരിച്ചുകൊണ്ട്. ഈ ലോകത്തെ ഇത്രമേൽ മനോഹരമാക്കാൻ നാഥൻ എത്രയെത്ര മനുഷ്യരെയാണ് നിയോഗിച്ചിരിക്കുന്നത്.
.

Latest