International
ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുല്ല
ഗസ്സക്ക് പിന്തുണ നൽകുന്നതും തുടരുമെന്നും ഇസ്റാഈലിന് എതിരെ ശക്തമായ പോരാട്ടവും തുടരുമെന്ന് ഹിസ്ബുല്ല
ബെയ്റൂത്ത് | തങ്ങളുടെ മേധാവി ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുല്ല. ബെയ്റൂത്തിൽ ഇസ്റാഈൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ നസ്റുല്ലയെ വധിച്ചതായി നേരത്തെ ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടിരുന്നു.
നസ്റുല്ല രക്തസാക്ഷിത്വം വരിച്ചതായി ഹിസ്ബുല്ല ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു. ഇതിനു പിന്നാലെ ഹിസ്ബുല്ലയുടെ അൽ-മനാർ ടിവി നസ്‌റല്ലയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഖുർആൻ പാരായണം സംപ്രേഷണം ചെയ്യാൻ തുടങ്ങിയതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഗസ്സക്ക് പിന്തുണ നൽകുന്നതും തുടരുമെന്നും ഇസ്റാഈലിന് എതിരെ ശക്തമായ പോരാട്ടവും തുടരുമെന്ന് മരണം സ്ഥിരീകരിച്ച് നൽകിയ കുറിപ്പിൽ ഹിസ്ബുല്ല വ്യക്തമാക്കി.
2023 ഒക്‌ടോബർ 7-ന് തുടങ്ങിയ ഇസ്റാഈൽ – ഹമാസ് സംഘർഷത്തിന് പിന്നാലെ ഇസ്റാഈലുമായി സായുധ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന ഹിസ്ബുല്ലക്ക് ശക്തമായ തിരിച്ചടിയാണ് നസ്റുല്ലയുടെ വിയോഗം. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഹിസ്ബുല്ലയെ നയിച്ച നസ്‌റുല്ല, മേഖലയിൽ ഒരു രാഷ്ട്രീയ-സമര ഗ്രൂപ്പായി സംഘടനയെ സ്ഥാപിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്.