Connect with us

From the print

ഇസ്റാഈലിലേക്ക് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം

മധ്യ ബെയ്‌റൂത്തിലെ ആക്രമണത്തിൽ 20 മരണം

Published

|

Last Updated

ബെയ്റൂത്ത് /ഗസ്സ| ഇസ്റാഈലിനെ ലക്ഷ്യമിട്ട് ലബനാനിൽ നിന്ന് റോക്കറ്റാക്രമണം. കഴിഞ്ഞ ദിവസം രാവിലെ മുതൽ 165 റോക്കറ്റുകൾ ലബനാൻ തൊടുത്തുവിട്ടതായും ആറ് റോക്കറ്റുകൾ ഇസ്റാഈലിൽ എത്തിയതായും ഇസ്‌റാഈൽ പ്രതിരോധസേന അറിയിച്ചു. സെൻട്രൽ ഇസ്‌റാഈലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിൽ അഞ്ചെണ്ണം പ്രതിരോധിച്ചുവെന്നും ഒരെണ്ണം മൈതാനത്ത് പതിച്ചുവെന്നും പ്രതിരോധസേന അറിയിച്ചു. റോക്കറ്റ് ആക്രമണത്തിൽ പത്ത് പേർക്ക് പരുക്കേറ്റതായി സൈന്യം അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, ലബനാനിൽ വെടിനിർത്തൽ സാധ്യമാണോയെന്ന് ആലോചിക്കാൻ ഇന്ന് വൈകിട്ട് ഇസ്റാഈൽ മന്ത്രിസഭാ യോഗം ചേരും.

തെൽ അവീവിലെ പ്രാന്തപ്രദേശങ്ങളിലെ ഇസ്റാഈൽ രഹസ്യാന്വേഷണ കേന്ദ്രം ലക്ഷ്യമിട്ടാണ് തങ്ങൾ റോക്കാറ്റാക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു. ലെബനനിൽ നിന്ന് റോക്കറ്റുകൾ വിക്ഷേപിച്ചതിനെ തുടർന്ന് തെൽ അവീവിന് കിഴക്കുള്ള പെറ്റാ ടിക്വയിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി റിപോർട്ട് ചെയ്തിട്ടുണ്ട്. ഇസ്റാഈൽ സൈന്യത്തിന്റെ അഷ്ദോദ് നാവിക താവളത്തിന് നേരെയാണ് ഡ്രോണുകൾ പ്രയോഗിച്ചതെന്നും ഹിസ്ബുല്ല അവകാശപ്പെട്ടു. ഗലീലി മേഖലയെ ലക്ഷ്യമിട്ടായിരുന്നു ഡ്രോണാക്രമണം. കൂടുതൽ ആക്രമണങ്ങൾ ഇസ്റാഈലിന് നേരെ ഉണ്ടായിട്ടുണ്ടെന്നും റിപോർട്ടുകളുണ്ട്.

അതേസമയം, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് മധ്യ ബെയ്റൂത്തിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലബനാനിലെ ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ചിംസ്റ്റർ ഗ്രാമത്തിലെ ആക്രണണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്. ബോഡായി ഗ്രാമത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ മരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. രണ്ട് ഗ്രാമങ്ങളും ബാൽബെക്ക് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് മന്ത്രാലയം പറഞ്ഞു. ഡി എൻ എ പരിശോധനക്ക് ശേഷം മാത്രമേ മരണ നിരക്ക് അറിയാൻ കഴിയുള്ളൂവെന്നും അധികൃതർ അറിയിച്ചു. ബെയ്റൂത്തിന്റെ ഹൃദയഭാഗത്ത് ജനസാന്ദ്രതയുള്ള പ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടം ഇസ്റാഈൽ തകർത്തതായി സ്റ്റേറ്റ് മീഡിയ റിപോർട്ട് ചെയ്തിരുന്നു. ബസ്ത ഏരിയയിലെ അൽ-മഅ്മൂൻ സ്ട്രീറ്റിൽ എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടമാണ് മിസൈൽ ഉപയോഗിച്ച് ഇസ്റാഈൽ തകർത്തത്. ഈ ആഴ്ച സെൻട്രൽ ബെയ്റൂത്തിൽ ഇസ്റാഈൽ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്.
ഗസ്സ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 35 ഫലസ്തീനികൾ കൊല്ലപ്പെടുകയും 94 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്റാഈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സ സിറ്റിയിലെ ശുജാഈയ്യയിൽ കൂട്ടപലായനം നടക്കുകയാണ്. ഇസ്റാഈൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആശുപത്രി മേധാവിക്ക് പരുക്കേറ്റതായി ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. ഹെൽത്ത് കെയർ ഫെസിലിറ്റിക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഹുസ്സാം അബൂ സഫിയ കമാൽ അദ്‌വാൻ ഹോസ്പിറ്റലിന്റെ ആശുപത്രി മേധാവിക്ക് ഗുരുതരമായി പരുക്കേറ്റത്. ഈ ആക്രമണത്തിലാണ് 11 പേർ കൊല്ലപ്പെട്ടതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ആശുപത്രി സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് അബൂ സഫിയയുടെ മുതുകിലും ഇടതു തുടയിലും ലോഹക്കഷ്ണങ്ങൾ കൊണ്ട് മുറിവേറ്റതെന്നും വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിലെ ആശുപത്രിക്ക് നേരെ ഡ്രോൺ ആക്രണമുണ്ടതായും സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്‌മൂദ് ബാസൽ പറഞ്ഞു. ഇന്നലെ രാവിലെ സെൻട്രൽ ഗസ്സയിലെ ബുറൈജ്, മഗാസി അഭയാർഥി ക്യാമ്പുകളിൽ ഇസ്റാഈൽ നടത്തിയ രണ്ട് വ്യോമാക്രമണത്തിലും വെടിവെപ്പിലും കുട്ടികൾ ഉൾപ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്.

---- facebook comment plugin here -----