International
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല വക്താവ് കൊല്ലപ്പെട്ടു
വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ വിഭാഗം തലവനായിരുന്നു അഫീഫ്.
ബയ്‌റൂത്ത് | ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ബൈറൂത്തിലെ റഅ്‌സ് അന്നബഅ് ജില്ലയില്‍ സിറിയന്‍ ബഅസ് പാര്‍ട്ടിയുടെ ലബനാന്‍ ശാഖ ഓഫിസിനെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിലാണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ വിഭാഗം തലവനായിരുന്നു അഫീഫ്.
അഫീഫിന്റെ വിയോഗത്തില്‍ മാധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തി. ഹിസ്ബുല്ലയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് അഫീഫായിരുന്നു. സെപ്റ്റംബര്‍ അവസാനം ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്രല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്.
ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ബൈറൂത്തില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നതിനെ തുടര്‍ന്ന് തുടര്‍ന്ന് പലായനം ചെയ്ത നിരവധി പേര്‍ അഭയം തേടിയ മേഖലയാണിത്. ഇവിടെ മുന്നറിയിപ്പില്ലാതെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്.അതേ സമയം ആക്രമണത്തെക്കുറിച്ച് ഇസ്‌റാഈല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.