kodiyeri Balakrishnan
മറഞ്ഞത് ജനകീയ കമ്യൂണിസ്റ്റ്
1972 ഡിസംബര്‍ അവസാനവും 1973 ജനുവരി ആദ്യവുമായി നാലഞ്ച് ദിവസം കേരളത്തെ വിറപ്പിച്ച തലശ്ശേരി വര്‍ഗീയ കലാപത്തിനിടയില്‍ സമാധാനം സ്ഥാപിക്കാനും ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും മുന്നിട്ടിറങ്ങിയ ചെറുപ്പക്കാരുടെ സംഘത്തില്‍ കോടിയേരിയും സജീവമായുണ്ടായിരുന്നു
കൊച്ചി | ഇടപഴകുന്നവരോട് നിറഞ്ഞ ചിരിയോടെയുള്ള സംസാരം, സ്വന്തമെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം, ചാഞ്ചാട്ടമില്ലാത്ത നിലപാട് ഇതൊക്കെയായിരുന്നു സി പി എമ്മിന്റെ ജനകീയ മുഖമായ കോടിയേരി ബാലകൃഷ്ണന്‍. വിപ്‌ളവ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലെ ത്രസിക്കുന്ന രാഷ്ട്രീയ ഭൂമികയില്‍ നിന്ന് ഉയര്‍ന്നുവന്ന ബാലകൃഷ്ണനെ ജനകീയനാക്കിയത് അദ്ദേഹം കാത്തുസൂക്ഷിച്ച ധാര്‍മിക മൂല്യങ്ങള്‍ തന്നെയായിരുന്നു. ക്ലേശം നിറഞ്ഞ കുട്ടിക്കാലത്ത് നിന്ന് സംഘര്‍ഷഭരിതമായ രാഷ്ട്രീയ ലോകത്തെത്തിയപ്പോഴും പിന്നീട് നിയമസഭാ സാമാജികനും മന്ത്രിയും ദേശീയ നേതാവുമൊക്കെയായപ്പോഴുമെല്ലാം ശരാശരി രാഷ്ട്രീയക്കാരന്റെ കാപട്യമോ നാട്യമോ ഇല്ലാതെയായിരുന്നു കോടിയേരിയുടെ ജീവിതം.
പാര്‍ട്ടി പ്രതിസന്ധിയിലകപ്പെട്ട കാലത്തൊക്കെയും അകത്തും പുറത്തും ഒരു സമവായക്കാരന്റെ ചിത്രം സ്വയം സൃഷ്ടിക്കാന്‍ അതുകൊണ്ട് തന്നെ കേടിയേരിക്ക് എളുപ്പം കഴിയുകയും ചെയ്തു. കോടിയേരി ഓണിയന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കെ എസ് എഫ് യൂനിറ്റ് രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ബാലകൃഷ്ണന്‍ ഏഴ് വര്‍ഷം കൊണ്ട് കെ എസ് എഫിന്റെ സംസ്ഥാന സെക്രട്ടറിയായി മാറിയത് ചെറുപ്പ കാലം തൊട്ടേ കൈവെടിയാത്ത ഉറച്ച നലപാടുകള്‍ കൊണ്ട് തന്നെയായിരുന്നു. സ്വന്തം ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടാനിഷ്ടപ്പെട്ട ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണനായി മാറിയതും നന്മ വറ്റാത്ത ഗ്രാമത്തിന്റെ കൈയൊപ്പോടുകൂടിയായിരുന്നു.
1972 ഡിസംബര്‍ അവസാനവും 1973 ജനുവരി ആദ്യവുമായി നാലഞ്ച് ദിവസം കേരളത്തെ വിറപ്പിച്ച തലശ്ശേരി വര്‍ഗീയ കലാപത്തിനിടയില്‍ സമാധാനം സ്ഥാപിക്കാനും ആരാധനാലയങ്ങള്‍ സംരക്ഷിക്കാനും മുന്നിട്ടിറങ്ങിയ ചെറുപ്പക്കാരുടെ സംഘത്തില്‍ കോടിയേരിയും സജീവമായുണ്ടായിരുന്നുവെന്നത് അദ്ദേഹം കാത്തുസൂക്ഷിച്ച മൂല്യങ്ങളുടെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എം വി രാഘവനെ സി പി എം പുറത്താക്കിയപ്പോള്‍ അടിതെറ്റിയ കണ്ണൂരിലെ പാര്‍ട്ടി സജ്ജമാക്കാന്‍ ജില്ലയില്‍ വിയര്‍പ്പൊഴുക്കിയ പിണറായിക്കൊപ്പം കോടിയേരിയും രാപ്പകല്‍ അധ്വാനിച്ചു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ മികച്ച രീതിയില്‍ പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിലും കോടിയേരിക്ക് നൂറ് മാര്‍ക്കാണ് കേരളം നല്‍കിയത്.
തലശ്ശേരിയിലെ നിറഞ്ഞ സാന്നിധ്യമെന്ന നിലയില്‍ എന്നും റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള തിരഞ്ഞെടുപ്പ് വിജയം അതുകൊണ്ട് തന്നെ കോടിയേരിക്കൊപ്പമായിരുന്നു. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി എസ് മന്ത്രിസഭയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും കോടിയേരിയെ ഭരണരംഗത്തും ശ്രദ്ധേയനാക്കി. ജനകീയ പോലീസ് എന്ന സംരംഭം കോടിയേരിയുടെ കാലത്താണ് യാഥാര്‍ഥ്യമായത്. പോലീസ്- ജയില്‍ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റംവരുത്തി. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാന്‍ അദ്ദേഹം നടത്തിയ ഭാവനാപൂര്‍ണമായ പ്രവര്‍ത്തനം ഫലം കണ്ടു. ആര്‍ക്കും നീരസമുണ്ടാക്കാതെ, ചിരിക്കുന്ന മുഖത്തോടെ ജനകീയനായി പാര്‍ട്ടിയെ നയിച്ച നേതാവാണ് ഒടുവില്‍ കാലയവനിക്കുള്ളിലേക്ക് നടന്നകന്നത്.