National
ഗംഗയിലെ ഉയര്‍ന്ന കോളിഫോം ബാക്ടീരിയ: രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കെ സുധാകരന്‍ എം പി
സുരക്ഷയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി | മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തിയിട്ടും അത് മറച്ചുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ലോക്‌സഭയില്‍. നക്ഷത്രചിഹ്നമിട്ട 158ാം നമ്പര്‍ ചോദ്യത്തിലാണ് കെ. സുധാകരന്‍ ഈ വിഷയം ഉന്നയിച്ചത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ സമ്മേളനങ്ങളില്‍ ഒന്നാണ് മഹാകുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന ഗംഗാനദിയിലെ സ്നാനം. ഇവിടെ ഗുരുതരമായ പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയാണ് കെ സുധാകരന്‍ വിമര്‍ശം ഉന്നയിച്ചത്. കുംഭമേളയോടനുബന്ധിച്ച് കോടിക്കണക്കിനാളുകളാണ് ഗംഗാനദിയില്‍ പുണ്യസ്നാനം നടത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ ഉയര്‍ന്ന സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പിട്ട് നല്‍കിയിട്ടും വേണ്ട മുന്‍കരുതല്‍ സുരക്ഷാനടപടി സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറായില്ല. കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ട് പ്രകാരം ഇവിടത്തെ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 2,500 യൂനിറ്റിന് മുകളിലാണ് കോളിഫോംബാക്ടീരയുടെ അളവ്. ഇതില്‍ താഴെ മാത്രമാണ് അനുവദനീയമായ പരിധി.
മതപരമായ പരിപാടികളില്‍ പരിസ്ഥിതി സുരക്ഷ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിന്റെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.