dcc presidents list
ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ട് ഹൈക്കമാന്‍ഡ്
ആലപ്പുഴയില്‍ ബാബു പ്രസാദും കോട്ടയത്ത് നാട്ടകം സുരേഷും ഇടുക്കിയില്‍ സി പി മാത്യുവും ഡി സി സി പ്രസിഡന്റുമാരാകും.
ന്യൂഡല്‍ഹി | ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും പരാതി പ്രവാഹങ്ങൾക്കുമൊടുവില്‍ ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നേരത്തേ അന്തരീക്ഷത്തിലുണ്ടായിരുന്ന പട്ടികയില്‍ ചെറിയ മാറ്റങ്ങളോടെയാണ് അന്തിമ പട്ടിക പുറത്തുവന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മാറ്റങ്ങളുണ്ടായത്. തുടർച്ചയായി നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തോൽവിക്ക് ശേഷം ഉടച്ചുവാർക്കൽ എന്ന അവകാശവാദത്തോടെയാണ് കോൺഗ്രസ് പുനഃസംഘടന പ്രഖ്യാപിച്ചത്.
ആലപ്പുഴയില്‍ ബാബു പ്രസാദും കോട്ടയത്ത് നാട്ടകം സുരേഷും ഇടുക്കിയില്‍ സി പി മാത്യുവും ഡി സി സി പ്രസിഡന്റുമാരാകും. മുമ്പു കേട്ടിരുന്ന പേരുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും ആവശ്യപ്രകാരമാണ് അവസാന ഘട്ടം ഇവരെ പ്രസിഡന്റുമാരാക്കിയത്.
അതേസമയം, ഔദ്യോഗിക പട്ടികയിലും ഗ്രൂപ്പ് വീതംവെപ്പ് തന്നെയാണ് നടന്നത്. എന്നാല്‍, എ, ഐ ഗ്രൂപ്പുകളുടെ തലവന്മാരായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നോമിനികളല്ല ഇവരെന്നതാണ് പ്രധാന സവിശേഷത. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ രൂക്ഷമായ ഏറ്റുമുട്ടലിന് ഇടയാകുന്ന തരത്തിലാണ് ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക. പുതിയ ഡി സി സി പ്രസിഡന്റുമാർ ഇവർ;
തിരുവനന്തപുരം- പാലോട് രവി
കൊല്ലം- രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട- പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍
ആലപ്പുഴ- ബാബു പ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്
ഇടുക്കി- സി പി മാത്യു
എറണാകുളം- മുഹമ്മദ് ഷിയാസ്
തൃശൂര്‍- ജോസ് വള്ളൂര്‍
പാലക്കാട്- എ തങ്കപ്പന്‍
മലപ്പുറം- വി എസ് ജോയ്
കോഴിക്കോട്- പ്രവീണ്‍ കുമാര്‍
കണ്ണൂര്‍- മാര്‍ട്ടിന്‍ ജോര്‍ജ്
വയനാട്- എന്‍ ഡി അപ്പച്ചന്‍
കാസര്‍കോട്- പി കെ ഫൈസല്‍