Connect with us

തോമസ് ഐസകിന്റെ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി; അതുവരെ തുടര്‍ നടപടിയില്ല

തോമസ് ഐസക് പ്രതിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഇ ഡി കോടതിയില്‍

Published

|

Last Updated

കൊച്ചി | കിഫ്ബിയില്‍ തനിക്ക് സമന്‍സ് അയച്ച ഇ ഡി നോട്ടീസ് നടപടി ചോദ്യം ചെയ്ത് മുന്‍ധമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. തോമസ് ഐസകിന്റെ ഹരജിക്ക് മറുപടി നല്‍കുന്നതിന് സമയം വേണമെന്ന ഇ ഡിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയത്. അതുവരെ കേസില്‍ തുടര്‍ നടപടി സ്വീകരിക്കില്ലന്നും ഇ ഡി കോടതിയെ അറിയിച്ചു.
തോമസ് ഐസക് പ്രതിയാണെന്ന് പറഞ്ഞിട്ടില്ലെന്നും സാക്ഷിയായി കാര്യങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചതെന്നും ഇ ഡി പറഞ്ഞു.

ഫെമ ലംഘനമെന്ന പേരിലുള്ള ഇ ഡി നടപടി നിയമവിരുദ്ധമാണെന്നും തന്നെ ചോദ്യം ചെയ്യണോ എന്ന സംശയമാണ് ഇ ഡിക്കുള്ളതെന്നും തോമസ് ഐസക് കോടതിയില്‍ പറഞ്ഞു. മസാല ബോണ്ടില്‍ ഇടപെടാന്‍ ഇ ഡിക്ക് അധികാരമില്ല. കിഫ്ബിയുടെ എല്ലാ നടപടികളും നിയമാനുസൃതമാണെന്നും ഐസക് കോടതിയില്‍ പറഞ്ഞു.

സംശയം തോന്നിയാല്‍ പ്രതിയായി അല്ലാതെ, സാക്ഷിയായി ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചൂകൂടെ എന്ന് കോടതി തോമസ് ഐസകിനോട് ചോദിച്ചു. എന്നാല്‍ തനിക്ക് ലഭിച്ച രണ്ട് സമന്‍സും രണ്ട് രീതിയിലാണുള്ളത്. ഇതില്‍ ഒന്നില്‍ തന്റെ വ്യക്തിപരമായ കാര്യങ്ങളാണ് വിശദീകരിക്കാന്‍ പറയുന്നതെന്നും ഐസക് പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത മാനിക്കണമെന്നും എന്ത് അടിസ്ഥാനത്തിലാണ് വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നതെന്നും കോടതി ഇ ഡിയോട് ചോദിച്ചു. തുടര്‍ന്നാണ് മറുപടിക്ക് ഇ ഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.