Connect with us

Editorial

ആന എഴുന്നള്ളിപ്പിനെതിരെ ഹൈക്കോടതി

മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. എഴുന്നള്ളിപ്പിലും മറ്റും ആനകള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെയും ക്രൂരതയുടെയും പേരില്‍ ജുഡീഷ്യറി ഇടപെടുന്നത് ഇതാദ്യമല്ല.

Published

|

Last Updated

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു ഹൈക്കോടതി. കൊടിയ ദുരിതമാണ് എഴുന്നള്ളിപ്പ് വേളകളില്‍ ആനകള്‍ അനുഭവിക്കുന്നത്. കാലുകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ മണിക്കൂറുകള്‍ അവ ഒരേ നില്‍പ്പ് നില്‍ക്കുന്നു. മനുഷ്യനാണെങ്കില്‍ അഞ്ച് മിനുട്ട് നില്‍ക്കാനാകുമോ? കോടതി ചോദിച്ചു. ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ ചങ്ങലയിട്ട നിലയിലാണ് ആനകളെ നിര്‍ത്തുന്നത്. ആചാരമല്ല, മനുഷ്യന്റെ അഹങ്കാരവും ക്രൂരതയുമാണ് എഴുന്നള്ളിപ്പ്. ക്ഷേത്ര കമ്മിറ്റികള്‍ തമ്മിലുള്ള വാശിയും വൈരവുമാണ് ഈ ആചാരത്തിനു പിന്നില്‍. എഴുന്നള്ളിപ്പിന്റെ സമയത്തിലും ആനകളുടെ എണ്ണത്തിലും നിയന്ത്രണം വേണമെന്നും ഇക്കാര്യത്തില്‍ കോടതി ചട്ടങ്ങള്‍ പുറപ്പെടുവിപ്പിക്കുമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന കോടതി ബഞ്ച് അറിയിച്ചു. മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.

എഴുന്നള്ളിപ്പിലും മറ്റും ആനകള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെയും ക്രൂരതയുടെയും പേരില്‍ ജുഡീഷ്യറി ഇടപെടുന്നത് ഇതാദ്യമല്ല. തമിഴ്നാട്ടില്‍ വ്യക്തികളോ ക്ഷേത്രങ്ങള്‍ പോലുള്ള മതസ്ഥാപനങ്ങളോ ആനകളെ ഏറ്റെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇത്തരം ആനകളെ സര്‍ക്കാറിന്റെ പുരധിവാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സമയം അതിക്രമിച്ചെന്നും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പരിശോധന നടത്താനും കോടതി നിര്‍ദേശം നല്‍കി.

എഴുന്നള്ളിപ്പിന്റെ പേരില്‍ ആനകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതവും മാധ്യമങ്ങളിലും പൊതുസമൂഹത്തിലും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെറിയ ലോറിയില്‍ തിങ്ങി ഞെരുങ്ങി, അല്ലെങ്കില്‍ പൊരിവെയിലത്ത് ചുട്ടുപൊള്ളുന്ന റോഡിലൂടെ കിലോമീറ്ററുകള്‍ നടത്തിച്ചാണ് ഉത്സവപ്പറമ്പിലേക്ക് ആനകളെ എത്തിക്കുന്നത്. തുടര്‍ന്ന് ഉത്സവ വേദിയില്‍ മണിക്കൂറുകളോളം ഒരേ നില്‍പ്പ് നില്‍ക്കണം. ഇതിനിടയില്‍ സമയത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാറില്ല. കൂടാതെ ഉത്സവ വേദികളില്‍ ആനകള്‍ അനുസരണക്കേട് കാണിക്കാതിരിക്കാന്‍ പാപ്പാന്മാര്‍ ചില വിദ്യകള്‍ പ്രയോഗിക്കാറുണ്ട്. അവരുടെ കാലിലുള്ള ആണിച്ചെരുപ്പ് കൊണ്ട് ആനയുടെ കാല്‍മടമ്പില്‍ അമര്‍ത്തിച്ചവിട്ടുകയാണ് ഒരു രീതി. ആനയുടെ നഖത്തിനിടയിലും പിന്‍കാലിന്റെ കൂച്ചിയിലും ആണി അടിച്ചു കയറ്റി കരിപിടിപ്പിച്ചോ മഞ്ഞള്‍ തേച്ചോ മറച്ചു വെക്കുകയാണ് മറ്റൊന്ന്. ആന എന്തെങ്കിലും അനുസരണക്കേട് കാണിച്ചാല്‍ പാപ്പാന്‍ തന്റെ വടികൊണ്ട് ആ മുറിവുള്ള ഭാഗത്ത് തട്ടും. അതോടെ വേദന സഹിക്കാനാകാതെ ആന മര്യാദക്കാരനായി മാറുന്നു. ഇത്തരം മുറിവുകള്‍ കാലാന്തരേണ വലിയ വൃണങ്ങളായി പരിണമിക്കാറുണ്ട്.

അനുസരണക്കേട് കാണിക്കുന്ന ആനകളുടെ വായില്‍ ചൂടുവെള്ളം ഒഴിക്കുക, ഉത്സവ വേദികളില്‍ ആന തലയുയര്‍ത്തി നില്‍ക്കാന്‍ കണ്ണിനു തൊട്ടുതാഴെയോ കഴുത്തിനടിയിലോ ആയുധം കൊണ്ട് കുത്തുക തുടങ്ങി വേറെയും നിരവധി ക്രൂരമുറകള്‍. പാപ്പാന്മാരുടെ ക്രൂരത അസഹ്യമാകുമ്പോഴാണ് ഉത്സവ വേദികളില്‍ ആനകള്‍ ഇടയുന്നതും പാപ്പാന്മാരെ ചവിട്ടിയും കൊമ്പില്‍ കുത്തിക്കോര്‍ത്തും തുമ്പിക്കൈയിലെടുത്ത് വലിച്ചെറിഞ്ഞും പ്രതികാരം ചെയ്യുന്നതും. ആനകളുടെ അതിക്രമത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും പാപ്പാന്മാരാണ്. ഓരോ വര്‍ഷവും 25 ആനകള്‍ ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ മൂലം ചരിയുന്നുണ്ടെന്നാണ് കണക്ക്.

ഹൈന്ദവാചാരങ്ങളെന്ന പേരിലാണ് എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നത്. എന്നാല്‍ ദേവതാ വിഗ്രഹം എഴുന്നള്ളിക്കാനുള്ള വാഹനമായി ആനകളെ ഉപയോഗിക്കാമെന്ന് താന്ത്രിക ഗ്രന്ഥങ്ങളിലോ മറ്റു ഹൈന്ദവ പ്രാമാണിക ഗ്രന്ഥങ്ങളിലോ പറയുന്നില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രിമാര്‍ 2017 ഡിസംബറില്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. ആനയെഴുന്നള്ളിപ്പ് ആചാരങ്ങളുടെ ഭാഗമാണെന്ന് വാദമുയര്‍ന്നപ്പോഴാണ് തന്ത്രിമാരുടെ ഇടപെടലുണ്ടായത്.

കേരളത്തിലെ ആന എഴുന്നള്ളിക്കല്‍ ചടങ്ങിനെതിരെ നേരത്തേ അമേരിക്കന്‍ നടിയും മൃഗസംരക്ഷണ സംഘടന ‘പെറ്റ’യുടെ വക്താവുമായ പമേല ആന്‍ഡേഴ്സണ്‍ രംഗത്ത് വന്നിരുന്നു. ആനകള്‍ക്കു പകരം ജീവനില്ലാത്ത കൃത്രിമ ആനയെ ഉപയോഗപ്പെടുത്താമെന്നും കൃത്രിമ ആന നിര്‍മാണത്തിന് ഒന്നിന് പതിനായിരം രൂപ വീതം താന്‍ നല്‍കാമെന്നും 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കയച്ച കത്തില്‍ അവര്‍ വാഗ്ദാനം ചെയ്തു. തമിഴ്നാട്ടില്‍ ഉത്സവത്തിന് വേണ്ടി കൃത്രിമ ആനയെ ഉപയോഗിച്ച സംഭവവും അവര്‍ ചൂണ്ടിക്കാട്ടി.

ഒറിജിനല്‍ ആനകളെ വെല്ലുന്ന റോബോട്ടിക് ആനകള്‍ സുലഭമാണിന്ന്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും ഉത്സവത്തിന് കൃത്രിമ ആനകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയിലെ ഇരിങ്ങാടിപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് റോബോട്ടിക് ആനയെയാണ് ഉപയോഗപ്പെടുത്തിയത്. മേളത്തിനൊപ്പം തലയും ചെവിയും ആട്ടുകയും തുമ്പിക്കൈയിലൂടെ വെള്ളം ചീറ്റുകയും ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആന ഒറിജിനല്‍ ആനയുടെ പ്രതീതി സൃഷ്ടിച്ചതായി സംഘാടകരും കാണികളും സാക്ഷ്യപ്പെടുത്തുന്നു. ഇരുമ്പ് ചട്ടക്കൂടിനു മുകളില്‍ റബ്ബര്‍ ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച ഈ ആനയുടെ നിര്‍മാണച്ചെലവ് അഞ്ച് ലക്ഷം രൂപയാണ്. അതേസമയം നിലവില്‍ നാട്ടാനകളുടെ എഴുന്നള്ളിപ്പിന് ലക്ഷങ്ങളാണ് ദിനവാടക. കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരിലെ ശ്രീശങ്കരന്‍ കോവിലില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടയിരുത്തിയത് റോബോട്ടിക് ആനയെയാണ്. ഉത്സവങ്ങള്‍ക്കും ക്ഷേത്രാവശ്യങ്ങള്‍ക്കും റോബോട്ടിക് ആനകളെ ഉപയോഗപ്പെടുത്തിയാല്‍ ആനകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും ദുരിതവും ഇല്ലാതാക്കാനും ഉത്സവ കമ്മിറ്റിക്കാരുടെ ഈയിനത്തിലുള്ള ചെലവുകള്‍ ഗണ്യമായി കുറക്കാനും സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

---- facebook comment plugin here -----

Latest