The ivory case
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി
സര്‍ക്കാര്‍ ഹരജി തള്ളിയതിന് മോഹന്‍ലാല്‍ എന്തിന് അപ്പീല്‍ നല്‍കി?
കൊച്ചി | ആനക്കൊമ്പ് കേസില്‍ സര്‍ക്കാര്‍ ഹരജി തള്ളിയതിന് മോഹന്‍ലാല്‍ എന്തിന് അപ്പീല്‍ നല്‍കിയെന്ന് ഹൈക്കോടതി. സര്‍ക്കാറിന്റെ ഹരജി തള്ളിയാല്‍ സര്‍ക്കാറല്ലേ അപ്പീല്‍ നല്‍കേണ്ടത്. സര്‍ക്കാര്‍ ഹരജിയിലുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ മോഹന്‍ലാല്‍ അപ്പീല്‍ നല്‍കുന്നതില്‍ നിയമപ്രശ്‌നമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. ആനക്കൊമ്പ് കേസെടുക്കുന്ന സമയത്ത് മോഹന്‍ലാലിന്റെ പക്കല്‍ കൈവശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു. ഹരജി ഓണത്തിന് ശേഷം പരിഗണിക്കുന്നതിലേക്ക് കോടതി മാറ്റി.
ആനക്കൊമ്പ് കൈവശം വെച്ചകേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി നേരത്തെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസില്‍ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു മോഹന്‍ലാലിന്റെ ആവശ്യം.
2012ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളായിയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.