Connect with us

Kerala

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ഹൈക്കോടതി റദ്ദാക്കി

ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്

Published

|

Last Updated

കൊച്ചി| മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദ് ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് വിഷയത്തില്‍ വിധി പറഞ്ഞത്. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. വഖഫ് സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജിയിലാണ് വിധി.

മുനമ്പത്ത് കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. മുനമ്പത്തേത് വഖഫ് വസ്തു വകയെന്ന് വഖഫ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീതിയുക്തമല്ലെന്നും കോടതി വ്യക്തമാക്കി. കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായാണ് തീരുമാനമെടുത്തത്. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദ് ചെയ്തു കൊണ്ട് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്ത സാഹചര്യത്തില്‍ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണ നടപടികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നേരത്തെ നിര്‍ത്തിവെച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്നായിരുന്നു ഹരജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതിയുടെ ചോദ്യം.