Connect with us

Kerala

റാഗിംഗ് നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

റാഗിംഗ് തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കൽ സര്‍ക്കാറിൻ്റെ ബാധ്യത

Published

|

Last Updated

കൊച്ചി | സംസ്ഥാനത്തെ റാഗിംഗ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹരജിയില്‍ യു ജി സിയെ ഹൈക്കോടതി കക്ഷിചേര്‍ത്തു. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിംഗ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം തുടങ്ങി വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്.

റാഗിംഗ് നിരോധന നിയമത്തിന്റെയും യു ജി സി മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപവത്കരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ആന്റി റാഗിംഗ് നിയമം തന്നെ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കണം.

റാഗിംഗ് തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. യു ജി സി ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്ന സംസ്ഥാന ജില്ലാതല മേല്‍നോട്ട സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. സര്‍വകലാശാലാ തലത്തില്‍ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ടോ എന്നത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Latest