Connect with us

shon george

വീണാ വിജയനെതിരായ ഷോണ്‍ ജോര്‍ജിന്റെ ഹരജിക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി

അന്വേഷണം അവസാനിച്ചതിന് ശേഷം ആവശ്യമെങ്കില്‍ പരാതി ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി

Published

|

Last Updated

കൊച്ചി | മാസപ്പടി വിഷയത്തില്‍ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോണ്‍ ജോര്‍ജിന്റെ ഹരജിക്ക് പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവായതിനാല്‍ ആവശ്യത്തിനു പ്രസക്തിയില്ലെന്നാണ് കോടതി നിരീക്ഷണം.

എസ് എഫ് ഐ ഒ അന്വേഷണം ചോദ്യം ചെയ്ത് കെ എസ് ഐ ഡി സി നല്‍കിയ ഹരജി ജൂലൈ 15ന് പരിഗണിക്കാന്‍ മാറ്റി. എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെ എസ് എഫ് ഐ ഒ അന്വേഷണം ആരംഭിച്ചുവെന്നും പ്രാഥമിക പരിശോധന നടന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
ഇതുകൊണ്ട് തന്നെ ഹരജിയില്‍ ഇനി പ്രസക്തിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഇതിനിടെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി ഷോണ്‍ ജോര്‍ജ് വീണ്ടും രംഗത്തെത്തിയിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് യു എ ഇയിലും അക്കൗണ്ട് ഉണ്ടെന്നായിരുന്നു ആരോപണം. ഇതിലും എസ്എഫ്ഐഒ അന്വേഷണം ഷോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യങ്ങളെല്ലാം തന്നെ എസ് എഫ് ഐ ഒ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം അവസാനിച്ചതിന് ശേഷം ആവശ്യമെങ്കില്‍ പരാതി ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.