Connect with us

articles

ഭരണഘടനയെ വെല്ലുവിളിക്കുന്ന ഹൈക്കോടതി ജഡ്ജി

ഭരണഘടനയെ വെല്ലുവിളിക്കുന്ന ഹൈക്കോടതി ജഡ്ജിലോകത്തൊട്ടാകെ കോടതികൾ പലപ്പോഴും അതാത് രാജ്യത്തെ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ താത്പര്യം മാത്രം നോക്കുന്ന ജഡ്ജിമാരാണ് പലരുമെന്ന് നമ്മുടെ അനുഭവം തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യാ മഹാരാജ്യത്തെ ഭരണകൂടം ഹിന്ദുത്വ രാഷ്ട്രത്തിന്റെ അജൻഡ നടപ്പാക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പകൽപോലെ വ്യക്തമായ വസ്തുതയാണ്. 

Published

|

Last Updated

ഒരു മതേതര രാഷ്ട്രം സ്ഥാപിക്കാനാണ് ഭരണഘടന ലക്ഷ്യമിട്ടിട്ടുള്ളത്. മതേതര രാഷ്ട്രമെന്ന ആശയത്തിൽക്കൂടി നമ്മുടെ ഭരണഘടന ലക്ഷ്യമാക്കുന്നത് മതത്തിന്റെയോ ജാതിയുടേയോ വർഗത്തിന്റെയോ  പേരിൽ രാഷ്ട്രം യാതൊരുവിധമായ വിവേചനവും കാണിക്കുകയില്ല എന്നുള്ളതാണ്. ഏത് മതവിശ്വാസിക്കും നമ്മുടെ രാജ്യത്ത് തുല്യ പരിഗണന ലഭിക്കുമെന്നുള്ളതാണ് പ്രധാനപ്പെട്ടത്. ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുകയും അതിന്റെ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ പേരിൽ ഒരു പൗരനോടും യാതൊരുവിധ വിവേചനവും രാഷ്ട്രം കാണിക്കുന്നതല്ല.

അതിന്റെ പേരിൽ ആർക്കും ആനുകൂല്യമോ പദവിയോ ലഭിക്കുന്നതുമല്ല. 1951ൽ പാർലിമെന്റിൽ ഹിന്ദുകോഡ് ബില്ല് സംബന്ധിച്ചുണ്ടായ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഡോ. അംബേദ്ക്കർ മതേതരത്വമെന്ന ആശയത്തെ താഴെപറയും പ്രകാരമാണ് വിശദീകരിച്ചത്.”മതേതര രാഷ്ട്രം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് ജനങ്ങളുടെ മതപരമായ വികാരങ്ങളെയും വീക്ഷണങ്ങളെയും നാം പരിഗണിക്കുന്നതല്ല എന്നല്ല; ഏതെങ്കിലും മതം അത് വിശ്വസിക്കാത്ത ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ നമ്മുടെ പാർലിമെന്റിന് അധികാരമില്ലെന്നാണ് മതേതര രാഷ്ട്രം എന്നതുകൊണ്ട് ആകെക്കൂടി നാം വിവക്ഷിച്ചിരിക്കുന്നത്. ഭരണഘടന അംഗീകരിക്കുന്ന ഒരേ ഒരു പരിമിതിയാണിത്’.ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന മതേതര ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷ ഘടകങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: 1. രാഷ്ട്രം ഏതെങ്കിലും ഒരു മതത്തെ പിന്താങ്ങുകയോ, ഏതെങ്കിലും മതത്താൽ നിയന്ത്രിക്കപ്പെടാൻ സമ്മതിച്ചുകൊടുക്കുകയോ ചെയ്യുന്നതല്ല. 2. ഓരോരുത്തരും തിരഞ്ഞെടുക്കുന്ന മതം ഏതായാലും അത് പഠിക്കാനും പഠിപ്പിക്കുവാനുമുളള അവകാശം രാഷ്ട്രം ഉറപ്പ് നൽകുന്നു (ഏതെങ്കിലും പൗരന് നിർമതവാദിയോ, നാസ്തികനോ ആയിരിക്കുവാനുള്ള അവകാശവും ഇതിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.) തങ്ങളുടെ മതപരമായ വിശ്വാസ അനുഷ്ഠാനത്തിന്റെ പേരിൽ യാതൊരുത്തനും മുൻഗണനാപരമായ ആനുകൂല്യങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. 3. താന്താങ്ങൾ അവലംബിച്ചിരിക്കുന്ന മതത്തിന്റെയോ, വിശ്വാസത്തിന്റെയോ പേരിൽ രാഷ്ട്രം യാതൊരു പൗരനോടും യാതൊരു വിവേചനവും കാട്ടുന്നതല്ല. മതേതരത്വത്തെ തകർക്കാനും അതിനെ വെല്ലുവിളിക്കുവാനുമുള്ള നീക്കങ്ങൾ നമ്മുടെ രാജ്യത്ത് ദശാബ്ദങ്ങളായി നടന്നുവരികയാണല്ലോ.

ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഉന്നത കോടതികളിലെ ജഡ്ജിമാർ തന്നെ സെക്കുലറിസത്തിനെതിരായി രംഗത്ത് വരികയാണ്. വേലി തന്നെ വിള തിന്നുന്ന സ്ഥിതിയാണ് നമ്മുടെ രാജ്യത്തുണ്ടായിരിക്കുന്നത്. സംഘ്പരിവാർ വേദിയിൽ തീവ്ര ഹിന്ദുത്വ പ്രസംഗവുമായി അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് രംഗത്ത് വന്നിരിക്കുന്നു.”ഇത് ഹിന്ദുസ്ഥാനാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്ടമേ ഇവിടെ നടക്കൂ. അതാണ് നിയമം’ വിശ്വഹിന്ദു പരിഷത്തിന്റെ ലീഗൽസെല്ലിന്റെ പരിപാടിയിൽ ജഡ്ജി യാദവ് പറഞ്ഞു. ഏക സിവിൽ കോഡ്: ഭരണഘടനാപരമായ ആവശ്യകത എന്ന വിഷയത്തിലായിലുന്നു സെമിനാർ.

അയോധ്യയിലെ രാമക്ഷേത്രം സ്വന്തം കണ്ണുകൊണ്ട് കാണുന്നത് സങ്കൽപ്പിച്ചിരുന്നോ എന്ന് ജഡ്ജി ശേഖർ കുമാർ യാദവ് ചോദിച്ചു.  രാം ലല്ലയെ മോചിപ്പിക്കാനും മഹത്തായ അയോധ്യ ക്ഷേത്രത്തിന്റെ നിർമാണത്തിന് സാക്ഷ്യം വഹിക്കാനുമുളള പ്രതീക്ഷയിൽ പൂർവികർ ത്യാഗം സഹിച്ചു. അവർക്കത് കാണാൻ സാധിച്ചില്ല. പക്ഷേ ക്ഷേത്രം കാണാൻ നമുക്കായി. പശുവും ഗംഗയും ഗീതയും ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഓരോ കുട്ടിയും രാമനാകുന്നത് എവിടെയാണോ അതാണ് എന്റെ രാജ്യം. ഏക സിവിൽകോഡ് ഉടൻ നടപ്പാകും. ഒരു രാജ്യം, ഒരു നിയമം എന്നത് വിദൂരമല്ല. ശാസ്ത്രങ്ങളിലും വേദങ്ങളിലും സ്ത്രീകളെ ദൈവമായി ഹിന്ദുക്കൾ കാണുന്നു. മുസ്്ലിംകൾക്ക് നാല് ഭാര്യമാരെ സ്വന്തമാക്കാനോ ഹലാൽ അനുഷ്്ഠിക്കാനോ മുത്വലാഖിനോ അവകാശമില്ല.

മുസ്്ലിംകൾ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിച്ചില്ലെങ്കിലും അവയെ ബഹുമാനിച്ചേ തീരൂ. ഏക സിവിൽകോഡ് വി എച്ച് പിയുടെയോ ആർ എസ് എസിന്റെയോ മാത്രം ആവശ്യമല്ല. അതിനെക്കുറിച്ച് ഇപ്പോൾ സുപ്രീം കോടതി വരെ സംസാരിക്കുന്നു. ഹിന്ദുക്കൾക്ക് അഹിംസയും ദയയും ഉണ്ടെന്ന് കരുതി അവർ ഭീരുക്കളല്ല. ഹിന്ദു ആചാരങ്ങളെക്കുറിച്ചും മഹാന്മാരെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണം. ഹിന്ദുക്കളുടെ കുട്ടികൾ വേദങ്ങൾ പഠിച്ച് ദയ, അഹിംസ തുടങ്ങിയ മൂല്യങ്ങളിലൂടെ സഹിഷ്ണുതയുള്ളവരായി വളർത്തപ്പെടുമ്പോൾ മറ്റൊരു സമുദായത്തിലെ കുട്ടികളിൽ നിന്ന് അവ പ്രതീക്ഷിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ മുന്നിലാണ് മൃഗങ്ങളെ കൊല്ലുന്നത്. തീവ്രവാദികളായ മുല്ലമാരുടെ ഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹിന്ദുമതത്തെ ശക്തിപ്പെടുത്താനുളള സന്ദേശം സമുദായത്തിൽ ശക്തമാക്കണം.

ഈ ആശയം ദുർബലമായാൽ ഇന്ത്യ ബംഗ്ലാദേശോ താലിബാനോ ആയി മാറും- ജഡ്ജി പറഞ്ഞു. ഓക്‌സിജൻ ശ്വസിച്ച് ഓക്‌സിജൻ പുറത്തുവിടുന്ന ഏക ജീവിയാണ് പശുവെന്ന് പറഞ്ഞ് നേരത്തേ വിവാദത്തിലായിട്ടുണ്ട് യാദവ്. ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ ഈ പ്രസ്താവനക്കെതിരെ രാജ്യ വ്യാപകമായി വൻപ്രതിഷേധമാണ് അലയടിച്ചുയർന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ സുപ്രീം കോടതിയുടെ ഇടപെടലും ഉണ്ടായിരിക്കുന്നു. ഈ പ്രസംഗത്തിന്റെ പൂർണരൂപം കൈമാറാൻ അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുകയാണ്. അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തിന്റെ മാധ്യമ റിപോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും ഇതിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ നിന്ന് തേടിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.ജഡ്ജിക്കെതിരെ നിയമമേഖലയിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയരുന്നതിടെയാണ് സുപ്രീം കോടതിയുടെ ഈ ഇടപെടൽ.

ജഡ്ജിക്കെതിരെ ആഭ്യന്തരാന്വേഷണം ആവശ്യപ്പെട്ട് ക്യാന്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സി ജെ എ ആർ) കഴിഞ്ഞ ദിവസം ചീഫ് ജഡ്ജിസ്റ്റിന് പരാതി നൽകിയിരുന്നു. മുസ്്ലിം വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ മുസ്്ലിം ലീഗ് എം പിമാർ രാഷ്ട്രപതിക്ക് പരാതി നൽകിയിട്ടുണ്ട്. ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീം കോടതി സ്വമേധയ കേസെടുക്കണമെന്നും എം പിമാർ ആവശ്യപ്പെട്ടു. ഹൈക്കോടതി ലൈബ്രറി ഹാളിലാണ് ഈ വിദ്വേഷ പ്രസംഗം നടത്തിയതെന്നത് വളരെ ഗൗരവതരമാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി പറഞ്ഞു. അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ് വി എച്ച് പി വേദിയിൽ നടത്തിയ വിദ്വേഷ പ്രസംഗം ഭരണഘടനക്ക് നേരെയുളള കടന്നാക്രമണമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും നീതിന്യായ വ്യവസ്ഥക്ക് കളങ്കമേൽപ്പിക്കുകയും ചെയ്ത ജഡ്ജിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബൃന്ദ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് കത്തയച്ചിട്ടുണ്ട്. ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീം കോടതി ബാർ അസ്സോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ ആവശ്യപ്പെട്ടു. ഇത്തരക്കാർ എങ്ങനെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെടുന്നത്.

ഇത്തരം പരാമർശം നടത്താൻ എങ്ങനെ ഇവർക്ക് ധൈര്യം ലഭിക്കുന്നു. എന്തുകൊണ്ടാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാത്രം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു- അദ്ദേഹം ചോദിച്ചു. ഇംപീച്ച്‌മെന്റിനോട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ബി ജെ പി. എം പിമാർ എന്നിവർ സഹകരിക്കണം. അതുണ്ടായില്ലെങ്കിൽ അവർ ജഡ്ജിക്കൊപ്പമാണെന്നുളള സന്ദേശമാണ് രാജ്യത്തിന് ലഭിക്കുകരയെന്നും സിബൽ ഓർമിപ്പിച്ചു. ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകാൻ ഇന്ത്യാമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. കപിൽ സിബലിന്റെ നേതൃത്വത്തിലാണ് ഇംപീച്ച്‌മെന്റ്നോട്ടീസ് നൽകുന്നത്. ജഡ്ജിയുടെ ഇംപീച്ച്‌മെന്റ്ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാഷനൽ കോൺഫറൻസ് അംഗം ആഗ സൈദ് റുഹുല്ല മെഹദി ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്തത് ഖേദകരമാണെന്നാണ് കത്തോലിക്ക മെത്രാൻ സമിതി (സി ബി സി ഐ) പ്രസ്താവന പുറപ്പെടുവിച്ചത്. വർഗീയ വിഷം പടർത്തുന്ന പരാമർശം നടത്തിയ ജഡ്ജിക്കെതിരെ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർലിമെന്റ് അംഗങ്ങളും മുന്നോട്ട് വരണമെന്നും സി ബി സി ഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതേ ഹൈക്കോടതി ക്രൈസ്തവർക്കെതിരെ നടത്തിയ ചില നിരീക്ഷണങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തിരുന്നു. ഭരണഘടനയും അതനുവദിച്ച നിയമങ്ങളും ഉയർത്തിപ്പിടിക്കാനാണ് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭരണഘടനയിലും അതിന്റെ ധാർമിക ഉത്തരവാദിത്വത്തിലും വിശ്വാസമില്ലാത്ത ഒരാൾക്ക് ന്യായാധിപനായി തുടരാൻ യോഗ്യതയില്ലെന്നും സി ബി സി ഐ വ്യക്തമാക്കി.  മതേതരത്വത്തെ വെല്ലുവിളിക്കുകയും കോടതികളിൽ നിന്ന് തങ്ങൾക്ക് അനുകൂലവിധി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കൂട്ടർ നമ്മുടെ രാജ്യത്തെ ഭരണകൂടത്തിൽ തന്നെ ഉണ്ടെന്നുള്ള യാഥാർഥ്യം വിസ്മരിക്കാൻ കഴിയില്ല.

ലോകത്തൊട്ടാകെ കോടതികൾ പലപ്പോഴും അതാത് രാജ്യത്തെ ഭരണകൂടത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ താത്പര്യം മാത്രം നോക്കുന്ന ജഡ്ജിമാരാണ് പലരുമെന്ന് നമ്മുടെ അനുഭവം തെളിയിച്ചിട്ടുമുണ്ട്. ഭരണകൂടം ഹിന്ദുത്വ രാഷ്ട്രത്തിന്റെ അജൻഡ നടപ്പാക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പകൽപോലെ വ്യക്തമായ വസ്തുതയാണ്. സർക്കാറിന്റെ ഈ താത്പര്യത്തിന് അനുസൃതമായ പ്രസ്താവന തന്നെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതും. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനായി ഈ രാജ്യം ഒറ്റക്കെട്ടായും ശക്തമായും നിലകൊള്ളണമെന്നുള്ളത് തന്നെയാണ് ഈ ജഡ്ജിയുടെ പ്രസ്താവന നൽകുന്ന പാഠവും.

Latest