Kerala
ഫോര്‍ട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പോലീസ് വിലക്കിനെതിരെ ഹൈക്കോടതി
എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടിയെന്ന് ഹൈക്കോടതി
കൊച്ചി|ഫോര്‍ട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പോലീസ് വിലക്കിനെതിരെ ഹൈക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു. പോലീസ് നടപടിക്ക് ആധാരമായ രേഖകള്‍ 27ാം തിയ്യതി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
പാപ്പാഞ്ഞിയെ കത്തിക്കാന്‍ മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചെങ്കില്‍ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് നോട്ടീസ് നല്‍കിയത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍ ചടങ്ങ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാര്‍ണിവലിനോട് അനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത്. എന്നാല്‍ പരേഡ് ഗ്രൗണ്ടിന് വെറും രണ്ട് കിലോമീറ്റര്‍ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ് പാപ്പാഞ്ഞിയെ നിര്‍മിച്ചത്.
പരേഡ് ഗ്രൗണ്ടില്‍ മാത്രം ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇനി സ്വകാര്യ ക്ലബുകളുടെ പാപ്പാഞ്ഞിയെ കത്തിക്കല്‍ പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നുമാണ് പോലീസ് നിര്‍ദ്ദേശം. മറ്റാരെങ്കിലും ചടങ്ങിന് മുമ്പ് ഈ പാപ്പാഞ്ഞിയെ കത്തിച്ചാല്‍ അത് വലിയ സുരക്ഷ പ്രശ്നമുണ്ടാകുമെന്നും പോലീസ് പറയുന്നു. 24 മണിക്കൂറിനുള്ളില്‍ പാപ്പാഞ്ഞിയെ മാറ്റണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സുരക്ഷാപ്രശ്നം ചൂണ്ടികാട്ടിയാണ് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി ക്ലബ് സ്ഥാപിച്ച പാപ്പാഞ്ഞിയെ മാറ്റാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.