Kerala
കൊച്ചി വൈറ്റിലയില്‍ സൈനികരുടെ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി
ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും പുതിയ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും വരെ 21,000 മുതല്‍ 23,000 വരെ രൂപ മാസ വാടക നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു
കൊച്ചി | കൊച്ചിയില്‍ വീണ്ടും ഫ്‌ളാറ്റ് പൊളിക്കാന്‍ കോടതി ഉത്തരവ്. വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്.
ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും പുതിയ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും വരെ 21,000 മുതല്‍ 23,000 വരെ രൂപ മാസ വാടക നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫ്‌ളാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്കായിട്ടാണ് 2018ല്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ചത്. ചന്ദര്‍ കുഞ്ച് എന്നാണ് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. ബലക്ഷയം സംഭവിച്ച ഫ്ാറ്റിന്റെ രണ്ട് ടവറുകളില്‍ താമസക്കാര്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.
രണ്ട് ടവറുകള്‍ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന് കോടതി നിര്‍ദ്ദേശം നല്‍കി. ഫ്‌ളാറ്റുകള്‍ പൊളിച്ച് നില്‍ക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്‌ളാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വൈറ്റിലക്ക് അടുത്ത് സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഉള്ളത്. മൂന്ന് ടവറുകള്‍ ആയി 264 ഫ്‌ളാറ്റുകളാണ് സ്ഥലത്തുള്ളത്. ഫ്‌ളാറ്റുകളുടെ താമസക്കാര്‍ക്ക് പ്രതിമാസ വാടക നല്‍കണമെന്നും പുതിയ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
തീരദേശപരിപാലനനിയമം ലംഘിച്ചതിന്റെ പേരില്‍ മരട് നഗരസഭാപരിധിയിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ സുപ്രീംകോടി ഉത്തരവ് പ്രകാരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ നേരത്തെ പൊളിച്ചുനീക്കിയിരുന്നു.