Kerala
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമെന്ന് ഹൈക്കോടതി; മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ഹരജി തള്ളി
ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണം.
കൊച്ചി | മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി.
ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.