vadakkanchery accident
ഹൃദയം തകർക്കുന്ന വാർത്തയെന്ന് ഹൈക്കോടതി; സ്വമേധയാ കേസെടുത്തു
ട്രാൻസ്പോർട്ട് കമ്മീഷണറെയും റോഡ് സേഫ്റ്റി കമ്മീഷണറെയും കോടതി നേരിട്ട് വിളിച്ചുവരുത്തി. ഇവർ നാളെ കോടതിയിൽ ഹാജരാകണം.
കൊച്ചി | വടക്കഞ്ചേരി അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് രേഖപ്പെടുത്തിയത്. സംഭവത്തിൽ പോലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും കോടതി റിപ്പോർട്ട് തേടുകയും ചെയ്തു.
ഹൃദയം തകർക്കുന്ന വാർത്തയെന്നാണ് ഉച്ചക്ക് ശേഷം വിഷയം പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചത്. എന്ത് അപകടം ഉണ്ടായാലും രക്ഷപ്പെടാം എന്നാണ് ഡ്രൈവർമാരുടെ ചിന്ത. അത് ഒരു പരിധി വരെ ശരിയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നമ്മൾ ഒക്കെ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതമാണ്. എന്തെങ്കിലും പോംവഴി കണ്ടുപിടിച്ചേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി.
കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവും ബസിൽ ഉപയോഗിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി ആരാണ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും ചോദിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറെയും റോഡ് സേഫ്റ്റി കമ്മീഷണറെയും കോടതി നേരിട്ട് വിളിച്ചുവരുത്തി. ഇവർ നാളെ കോടതിയിൽ ഹാജരാകണം. നേരിട്ട് ഹാജരാകാൻ എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ ഓൺലൈൻ വഴി ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് തൃശൂർ- പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്ക് സമീപം അപകടമുണ്ടായത്. മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെ എസ് ആർ ടി സി ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒൻപത് പേർ മരിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് വ്യക്തമായിട്ടുണ്ട്. അപകടം നടക്കുമ്പോൾ 97 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്.