Kerala
ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതി സ്‌റ്റേ
ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജിയിലാണ് ഹൈക്കോടതി നടപടി
കൊച്ചി | ചലച്ചിത്ര രംഗത്ത് വനിതകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ചലച്ചിത്ര നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹരജിയിലാണ് ഹൈക്കോടതി നടപടി. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചു.ഹര്‍ജി ഓഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സർക്കാരിനും വിവരാവകാശം നൽകിയ മാധ്യമ പ്രവർത്തകർക്കുമാണ് കോടതി നോട്ടീസ് അയക്കുക. ജസ്റ്റിസ് പിഎം മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഒരാഴ്ചത്തേക്കാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. 2019ലാണ് കമ്മിറ്റി രൂപവത്കൃതമായത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ചാണിത്.
റിപോര്‍ട്ട് പരസ്യമാക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിപോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ വ്യുമണ്‍ ഇന്‍ സിനിമ കലക്ടീവ് സ്വാഗതം ചെയ്യുകയും ചെയ്തു.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്ന പശ്ചാത്തലത്തില്‍, വര്‍ഷങ്ങളോളമായി ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്താന്‍ താത്പര്യപ്പെടുന്നതായി വ്യുമണ്‍ ഇന്‍ സിനിമ കലക്ടീവ് പ്രതികരിച്ചിരുന്നു.
കണ്ടെത്തലുകള്‍ പുറത്തു വിടാതിരിക്കുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാമെന്ന വാദം മുന്നോട്ടു വെക്കുകയും ചെയ്യുന്നത് പരിഹാസ്യമാണെന്നാണ് ഡബ്ല്യു സി സി പറയുന്നത്. കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത് പ്രായോഗിക പരിഹാര നടപടികള്‍ ക്കും പുരോഗമനപരമായ മാറ്റങ്ങള്‍ക്കും സഹായകമാകും. ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ അതിജീവിതരെ സംരക്ഷിച്ചു കൊണ്ടു തന്നെ, റിപോര്‍ട്ടിലുള്ള നിര്‍ദേശങ്ങളും സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും പുറത്ത് വരേണ്ടത് അനിവാര്യമാണെന്നും ഡബ്ല്യു സി സി വ്യക്തമാക്കി.