Kerala
ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
തിമിംഗലം കരയിലെ ജീവിയായിരുന്നുവെങ്കിലും മനുഷ്യര്‍ അതിനേയും കൊണ്ടുവന്ന് എഴുന്നള്ളിച്ചേനെ എന്നു കോടതി പറഞ്ഞു

കൊച്ചി | ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. തിമിംഗലം കരയിലെ ജീവിയായിരുന്നുവെങ്കിലും മനുഷ്യര്‍ അതിനേയും കൊണ്ടുവന്ന് എഴുന്നള്ളിച്ചേനെ എന്നു കോടതി പറഞ്ഞു.
കരയിലെ ഏറ്റവും വലിയ ജീവിയെ ഇങ്ങനെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത കാരണമാണെന്നും തിമിംഗലത്തെ കരയിലെ ജീവി ആക്കാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും കോടതി പറഞ്ഞു. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഇതൊന്നും ആചാരമല്ലെന്നും മനുഷ്യന്റെ വാശിയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആനകളെ ചങ്ങലയ്ക്കിട്ട് നിര്‍ത്തുന്നു. മനുഷ്യര്‍ ഇങ്ങനെ നില്‍ക്കുമോയെന്നും കോടതി ചോദിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം.
കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ആനകള്‍ നേരിടുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ക്ഷേത്രക്കമ്മിറ്റികള്‍ തമ്മിലുള്ള വൈരമാണ് വലിയ ആനകളുടെ എഴുന്നള്ളത്തിന് പിന്നില്‍. മൂകാംബികയില്‍ ആന എഴുന്നള്ളിപ്പില്ല. ഉള്ളത് രഥമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആന എഴുന്നള്ളത്തിന് അടുത്ത ഉത്സവ സീസണിന് മുന്‍പ് ചട്ടം കൊണ്ടുവരുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.