Connect with us

Kerala

കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം; വി ഡി സതീശന്‍

കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിലെന്നും വിഡി സതീശന്‍

Published

|

Last Updated

മലപ്പുറം|സിപിഎം നേതാവ് ഇപി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്ന് സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി.

എം വി രാഘവനെയും കേസില്‍ ഉള്‍പെടുത്താന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വിധിക്കെതിരെ അപ്പീല്‍ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല. അപ്പീല്‍ പോകാനുള്ള അവകാശം ഇ പി ജയരാജനുണ്ട്. പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല എങ്കില്‍ ഇടത് സര്‍ക്കാരിനേയും .പിണറായി വിജയനെയുമായിരിക്കും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച ആവശ്യത്തിന് ഫലപ്രദമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

 

 

 

Latest