Connect with us

Kerala

മതവിദ്വേഷം പടര്‍ത്തുന്നവര്‍ പിഴയടച്ച് രക്ഷപ്പെടുന്നത് തടയണമെന്ന് ഹൈക്കോടതി

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു

Published

|

Last Updated

കൊച്ചി | മതവിദ്വേഷം പടര്‍ത്തുന്നവര്‍ പിഴയടച്ച് രക്ഷപ്പെടുന്നത് തടയണമെന്ന് ഹൈക്കോടതി. ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. വര്‍ഗീയ വിദ്വേഷം പടര്‍ത്തി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരക്കാര്‍ പിഴയടച്ച് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നത് അവസാനിപ്പിക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196(1) (എ), സെക്ഷന്‍ 299, സെക്ഷന്‍ 120 പ്രകാരമാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തുന്ന ഇത്തരം പ്രവൃത്തികള്‍ പുതുതായി പ്രാബല്യത്തില്‍ വന്ന ബി എന്‍ എസ് പ്രകാരം നിര്‍ബന്ധമായും തടവുശിക്ഷ നല്‍കേണ്ടതാണെന്നും കോടതി പറഞ്ഞു.

മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് ‘അല്ലെങ്കില്‍ പിഴ’ എന്ന ഓപ്ഷന്‍ ഭാരതീയ ന്യായ സംഹിതയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ജാതിയും മതവും ഉപയോഗിക്കരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 196 (1) (എ), 299 വകുപ്പുകളിലെ ശിക്ഷയെ പരാമര്‍ശിച്ച കോടതി ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന കുറ്റവാളികള്‍ക്ക് പോലും പിഴയടച്ചാല്‍ രക്ഷപ്പെടാമെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

അതേസമയം പി സി ജോര്‍ജ് മനപ്പൂര്‍വം വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ചാനല്‍ ചര്‍ച്ചക്കിടെ പ്രകോപനമുണ്ടായപ്പോള്‍ യാദൃച്ഛികമായി നടത്തിയ പരാമര്‍ശങ്ങളാണ് എന്നുമായിരുന്നു പി സി ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം.സംസ്ഥാന സര്‍ക്കാര്‍ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു. നേരത്തെയും യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിം സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ പി സി ജോര്‍ജ് നടത്തിയിട്ടുണ്ട്.

കൃത്യമായ ഉദ്ദേശ്യത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. പൊരുത്തക്കേട് ഒറ്റയടിക്ക് സംഭവിക്കുന്നതല്ല. എന്നാല്‍ അത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുകയും ശത്രുതയും പൊരുത്തക്കേടും കാലക്രമേണ വളരുകയും ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

Latest