Connect with us

Kerala

ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന ഹോണറേറിയം കേരളത്തില്‍; പ്രതിമാസം13,200 രൂപ വരെ

7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന പ്രചാരണം തെറ്റെന്ന് സര്‍ക്കാര്‍

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവര്‍ക്കര്‍മാരെ 2007 മുതല്‍ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്. വിവിധ സ്‌കീമുകള്‍ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്ഥിരം ശമ്പളമല്ല നല്‍കുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവായിട്ടാണ് ഓരോ മാസവും നല്‍കുന്നത്. ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. അത് തികച്ചും അടിസ്ഥാനരഹിതമാണെന്നും ടെലിഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

സംസ്ഥാന സര്‍ക്കാര്‍ മാത്രം മാസം തോറും 7000 രൂപയാണ് ഹോണറേറിയം നല്‍കുന്നത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയം 1,000 രൂപ മാത്രം ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഹോണറേറിയം 7,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഏറ്റവും അവസാനമായി 2023 ഡിസംബറില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 1,000 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ 7,000 രൂപ കൂടാതെ 60:40 എന്ന രീതിയില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് 3000 രൂപ പ്രതിമാസ നിശ്ചിത ഇന്‍സെന്റീവും നല്‍കുന്നുണ്ട്. ഇതുകൂടാതെ ഓരോ ആശാ പ്രവര്‍ത്തകയും ചെയ്യുന്ന സേവനങ്ങള്‍ക്കനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. ഇത് കൂടാതെ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. എല്ലാം കൂടി നന്നായി സേവനം നടത്തുന്നവര്‍ക്ക് 13,200 രൂപവരെ പ്രതിമാസം ലഭിക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഹോണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കി വരുന്നത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആശമാര്‍ക്കുള്ള കേന്ദ്ര വിഹിതം ലഭിക്കാതെയിരുന്നിട്ട് കൂടി എല്ലാ മാസവും കൃത്യമായി ആശമാരുടെ ഇന്‍സെന്റീവുകള്‍ സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം ചെയ്തിരുന്നു. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള 2 മാസത്തെ ഹോണറേറിയം നല്‍കാനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. അത് എത്രയും വേഗം നല്‍കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നു.

ഏറ്റവും കൂടുതല്‍ ഹോണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണ്. അതേസമയം കര്‍ണാടകയും മഹാരാഷ്ട്രയും 5,000 രൂപയും, മധ്യപ്രദേശും പശ്ചിമ ബംഗാളും 6,000 രൂപയുമാണ് നല്‍കുന്നത്.

 

Latest