Connect with us

First Gear

ഇന്നോവ ഹൈക്രോസിന് ഹൈ വില്‍പ്പന; രണ്ട് വര്‍ഷത്തിനിടെ വിറ്റത് ഒരു ലക്ഷം കാര്‍

ഉപയോഗിക്കാനുള്ള സൗകര്യം, നല്ല യാത്രാനുഭവം, മികച്ച പെര്‍ഫോമന്‍സ്, ഇന്ധനക്ഷമത എന്നിവയാണ് ഇന്നോവ ഹൈക്രോസിനെ സ്വീകാര്യനാക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍സ് (എംവിപി) സെഗ്മെന്റില്‍ ചൂടപ്പമായി ഇന്നോവ ഹൈക്രോസ്. വാഹനം ലോഞ്ച് ചെയ്ത് രണ്ട് വര്‍ഷത്തിനിടെ ഒരു ലക്ഷം കാറാണ് വിറ്റുപോയത്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ആണ് ഇന്ത്യയില്‍ ഇന്നോവ ഹൈക്രോസിന്റെ മൊത്തവില്‍പ്പനക്കാര്‍. 2022 നവംബറില്‍ വില്‍പ്പനയ്ക്കെത്തിയ ഇന്നോവ ഹൈക്രോസിന് ഇന്ത്യന്‍ വാഹനലോകത്ത് ടൊയോട്ട പ്രതീക്ഷിച്ചതിലും ഉയര്‍ന്ന സ്വീകാര്യതയാണ് ലഭിച്ചത്. വന്‍ ഡിമാന്റായതോടെ ഇടക്കാലത്ത് ടൊയോട്ടയ്ക്ക് ഇന്നോവ ഹൈക്രോസിന്റെ ഓര്‍ഡറുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.

ടൊയോട്ടയുടെ അഡ്വാന്‍സ്ഡ് ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടിഎന്‍ജിഎ) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസ് സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റം നല്‍കുന്ന കാറാണ്. 2.0-ലിറ്റര്‍ 4-സിലിണ്ടര്‍ ഗ്യാസോലിന്‍ എഞ്ചിനും ഇ-ഡ്രൈവ് സീക്വന്‍ഷ്യല്‍ ഷിഫ്റ്റും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇത് സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതോടൊപ്പം 186 എച്ച്പിയുടെ ശ്രദ്ധേയമായ പവര്‍ ഔട്ട്പുട്ട് നല്‍കുന്നു.

ഹൈബ്രിഡ് സംവിധാനം വാഹനത്തെ 60 ശതമാനം സമയവും ഇലക്ട്രിക് (ഇവി) മോഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രാപ്തമാക്കുന്നു. ചില വേരിയന്റുകളില്‍ ഡയറക്ട് ഷിഫ്റ്റ് സിവിടിയുമായി ജോടിയാക്കിയ 2.0-ലിറ്റര്‍ ഗ്യാസോലിന്‍ എഞ്ചിന്‍ മോഡലും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 174 എച്ച്പിയുടെ കരുത്തുറ്റ ഔട്ട്പുട്ട് കാറിന് നല്‍കുന്നു.

ഉപയോഗിക്കാനുള്ള സൗകര്യം, നല്ല യാത്രാനുഭവം, മികച്ച പെര്‍ഫോമന്‍സ്, ഇന്ധനക്ഷമത എന്നിവയാണ് ഇന്നോവ ഹൈക്രോസിനെ സ്വീകാര്യനാക്കുന്നത്. ഏഴ്, എട്ട് സീറ്റ് ഓപ്ഷനുകളില്‍ ഹൈക്രോസ് ലഭ്യമാണ്. 19.77 ലക്ഷം മുതല്‍ 30.98 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ജി, ജിഎക്‌സ്, വിഎക്‌സ്, വിഎക്‌സ്(ഒ), ഇസെഡ്എക്‌സ് എന്നിങ്ങനെ ഹൈബ്രിഡ്, നോണ്‍ ഹൈബ്രിഡ് വേരിയന്റുകളിലായാണ് എംപിവി വരുന്നത്. 23 കിലോമീറ്റര്‍ മൈലേജാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡില്‍ വാഗ്ദാനം ചെയ്യുന്നത്.

 

 

 

Latest