Uae
അതിവേഗ പറക്കും കാർ അനാവരണം ചെയ്തു
യു എ ഇയിൽ നിന്ന് ബഹ്റൈനിലേക്ക് വെറും രണ്ട് മണിക്കൂർ 20 മിനിറ്റിനുള്ളിൽ എത്താനാകും.

ഷാർജ | അതിവേഗ പറക്കും കാർ അനാവരണം ചെയ്തു. യു എ ഇയിൽ നിന്ന് ബഹ്റൈനിലേക്ക് വെറും രണ്ട് മണിക്കൂർ 20 മിനിറ്റിനുള്ളിൽ എത്താനാകും. റിയാദിൽ നിന്ന് കുവൈത്തിലേക്ക് രണ്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ എത്താം. 2027 ആകുമ്പോഴേക്കും യു എ ഇ ആകാശത്ത് പറക്കുന്ന കാറുകൾ യാഥാർഥ്യമാകും. ഹോളണ്ട് ആസ്ഥാനമായുള്ള മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡർ പി എ എൽ -വിയാണ് ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ പറക്കും കാർ അനാച്ഛാദനം ചെയ്തത്.
രണ്ട് സീറ്റുള്ള ഫ്ലൈ ഡ്രൈവ് മൊബിലിറ്റി കാറിന് പറന്നുയരാൻ 250 മീറ്റർ സ്ട്രിപ്പ് ആവശ്യമാണ്. അതിന്റെ മടക്കാവുന്ന പ്രൊപ്പല്ലറുകൾ പറക്കുന്ന വാഹനത്തെ ഒരു കാറാക്കി മാറ്റാൻ അനുവദിക്കുന്നു. 800,000 (2.9 ദശലക്ഷം ദിർഹം) ഡോളർ വിലയുള്ള ഒരു അടിസ്ഥാന മോഡലിൽ, പ്രാദേശിക അധികാരികളുടെ റെഗുലേറ്ററി അംഗീകാരങ്ങളെത്തുടർന്ന് 2027ൽ യു എ ഇ ആകാശത്ത് പറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൽ -വി സി ഇ ഒയും സഹസ്ഥാപകനുമായ റോബർട്ട് ഡിംഗെമാൻസെ പറഞ്ഞു.
പറക്കും കാറിന്റെ പേലോഡ് രണ്ട് പേർക്കും 20 കിലോഗ്രാം ലഗേജിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു കംബസ്റ്റൻ എൻജിൻ ഘടിപ്പിച്ചിരിക്കുന്ന പൂർണ ഇന്ധന ടാങ്കിൽ 500 കിലോമീറ്റർ ദൂരം വരെ പറക്കാൻ കഴിയും. താഴ്ന്ന ഉയരത്തിൽ പറക്കുന്നവയാണിത്. അടിയന്തര സാഹചര്യങ്ങളിൽ, അതിർത്തി പട്രോളിംഗ്, തീരസംരക്ഷണം, മറ്റ് സൈനിക ആവശ്യങ്ങൾ എന്നിവക്ക് ഉപയോഗിക്കാം. ഡോക്ടർമാരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിക്കും. പറക്കും കാർ ഡോർ-ടു-ഡോർ മൊബിലിറ്റി വാഗ്ദാനം ചെയ്യുന്നുവെന്നും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും നിയന്ത്രണങ്ങളും ഉപയോഗിക്കാമെന്നും ഡിംഗെമാൻസെ പറഞ്ഞു. യു എ ഇ ആസ്ഥാനമായുള്ള ജെറ്റെക്‌സ് 100-ലധികം പി എ എൽ-വിയുടെ പറക്കും കാറുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൊത്തത്തിൽ, 150 ദശലക്ഷം യൂറോയിലധികം മൂല്യമുള്ള പ്രീ-ഓർഡറുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. ആർച്ചർ ഏവിയേഷനും ജോബിയും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ യു എ ഇയിൽ പറക്കും ടാക്‌സികൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.