Kerala
ഉയർന്ന തിരമാല, കള്ളക്കടൽ: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം
ആലപ്പാട്ട് മുതൽ എടവ വരേ തീരമേഖലയിൽ പ്രദേശത്ത് റെഡ് അലർട്ട്
തിരുവനന്തപുരം | സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്കി. ആലപ്പാട്ട് മുതൽ എടവ വരേ പ്രദേശത്ത് റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
മറ്റു ജില്ലകളിലും തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശമുണ്ട്. ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജട്ടി വരെയും, എറണാകുളം ജില്ലയിൽ മുനമ്പം മുതൽ മറുവക്കാട് വരെയും കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയും ജാഗ്രതാ നിർദേശം നൽകി. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന കുഞ്ഞത്തൂർ മുതൽ കോട്ടെ കുന്ന് വരെയും കോഴിക്കോട് ജില്ലയിൽ ചോംബാല മുതൽ രാമനാട്ടുകര വരെയും മലപ്പുറം ജില്ലയിൽ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും തൃശൂർ ജില്ലയിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും കള്ളക്കടൽ ജാഗ്രതാ നിർദേശമുണ്ട്.
തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
ഈ നിർദേശങ്ങൾ ശ്രദ്ധിക്കുക:
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.