Malappuram
ഉപരിപഠനം: ഹയർ സെക്കൻഡറിയിലെ പ്രതിസന്ധി സർക്കാർ ഗൗരവത്തിലെടുക്കണം: കേരള മുസ്‍ലിം ജമാഅത്ത് ജില്ല കമ്മറ്റി
ഉപരി പഠന സൗകര്യ കുറവ് പറയുന്നത് വികാര പ്രകടനമായി കാണുന്ന വിദ്യാഭ്യാസ മന്ത്രി ജില്ലയിൽ അതിന് അവസരം ലഭിക്കാതെ ഭാവി ഇരുളടയുന്ന ആയിരങ്ങളുടെ പ്രയാസം മനസ്സിലാക്കാതെ പ്രതികരിക്കുന്നത് പ്രതിഷേധാർഹമാണെന്നും കമ്മിറ്റി
മലപ്പുറം | കാലങ്ങളായി ജില്ലയിൽ ഉപരിപഠന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ ഇനിയും നടത്താത്തത് ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന അനീതിയാണെന്ന് കേരള മുസ്‍ലിം ജമാത്തത്ത് ജില്ല നേതൃസംഗമം ആരോപിച്ചു. മികച്ച കെട്ടിട സൗകര്യങ്ങളുണ്ടാക്കുന്ന സർക്കാർ നടപടി സ്വാഗതാർഹമാണെങ്കിലും അതിന്റെ ഫലം കുട്ടികൾ ലഭ്യമാക്കാത്ത തരത്തിൽ സീറ്റ് വർധനവിലൂടെ ക്ലാസുകളിൽ കുട്ടികളെ കുത്തി നിറക്കുന്നത് സർക്കാറിന് തന്നെ അപമാനമാണെന്ന് കമ്മിറ്റി വിലയിരുത്തി.
ഉപരി പഠന സൗകര്യ കുറവ് പറയുന്നത് വികാര പ്രകടനമായി കാണുന്ന വിദ്യാഭ്യാസ മന്ത്രി ജില്ലയിൽ അതിന് അവസരം ലഭിക്കാതെ ഭാവി ഇരുളടയുന്ന ആയിരങ്ങളുടെ പ്രയാസം മനസ്സിലാക്കാതെ പ്രതികരിക്കുന്നത് പ്രതിഷേധാർഹമാണ്. കാര്യങ്ങളെ ഗൗരവപൂർവം കാണാനും യാഥാർത്ഥ്യ ബോധം പ്രകടിപ്പിക്കാനും മന്ത്രി തയ്യാറാകണം. ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തെ പ്രാധാന്യത്തോടെ പരിഗണിക്കാൻ ഭരണ പ്രതിപക്ഷ ഭേദമന്യേ മുഴുവൻ കക്ഷികളും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അതാണ് പുതു ഭാവി തലമുറയോട് പ്രതിബദ്ധതയുള്ളവർ ചെയ്യേണ്ടതെന്നും സംഗമം ബന്ധപ്പെട്ടവരെ ഓർമിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ കെ എസ് തങ്ങൾ ഫൈസി പെരിന്തൽമണ്ണ, ഊരകം അബ്ദുറഹ്മാൻ സഖാഫി, മുഹമ്മദ് ഹാജി മുന്നിയൂർ,കെ ടി ത്വാഹിർ സഖാഫി മഞ്ചേരി, അലവിക്കുട്ടി ഫൈസി എടക്കര, ജമാൽ കരുളായി, പി കെ എം ബശീർ പടിക്കൽ, എ അലിയാർ വേങ്ങര, സുലൈമാൻ ഇന്ത്യനൂർ സംബന്ധിച്ചു.