Connect with us

higher secondary

ഹയർസെക്കൻഡറി അധ്യാപക നിയമനം വൈകുന്നു; ആശങ്കയോടെ ഉദ്യോഗാർഥികൾ

ആയിരത്തിലേറെ ഒഴിവുകളുണ്ടെങ്കിലും നൂറ് തസ്തികകളിലേക്കാണ് നിയമനം നടന്നത്

Published

|

Last Updated

തിരുവനന്തപുരം | ഹയർ സെക്കൻഡറി അധ്യാപക തസ്തികകളിലേക്കുള്ള നിയമനം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉന്നത റാങ്ക് നേടിയ ഉദ്യോഗാർഥികളാണ് പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത്. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് (എച്ച് എസ് എസ് ടി) തസ്തികയിൽ നിലവിൽ ആയിരത്തിലേറെ ഒഴിവുകളുണ്ടെങ്കിലും നൂറോളം തസ്തികയിലേക്ക് മാത്രമാണ് നിയമനം നടന്നിട്ടുള്ളത്.

കേരള പബ്ലിക് കമ്മീഷന്റെ കാറ്റഗറി 2017 ലെ വിജ്ഞാപന പ്രകാരം എച്ച് എസ് എസ് ടി ഇംഗ്ലീഷ് തസ്തികയിൽ 2019ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ ആകെ 1,491 പേരാണ് ഉള്ളത്. എന്നാൽ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ പത്ത് മാസം മാത്രം ബാക്കിയുള്ളപ്പോൾ കേവലം 109 പേർക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്.

മുൻ വർഷങ്ങളിൽ, ഒരേ യോഗ്യത ആവശ്യമുള്ള എച്ച് എസ് എസ് ടി ജൂനിയർ, സീനിയർ തസ്തികകളിലേക്ക് ഒരുമിച്ചായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ഇത് കൂടുതൽ പേർക്ക് അവസരം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ എച്ച് എസ് എസ് ടി ജൂനിയർ തസ്തിക എൻട്രി കേഡറായി പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇത് നിയമനം പരിമിതമാകാൻ കാരണമായി. 2017ൽ ഹയർ സെക്കൻഡറി വകുപ്പിലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ ഉത്തരവ് തീയതി മുതലുള്ള പുതിയ തസ്തികകൾക്കാണ് ഈ മാനദണ്ഡം ബാധകമാകുന്നതെങ്കിലും 2010 മുതൽ അനുവദിച്ച ഹയർസെക്കൻഡറി ബാച്ചുകളിലേക്കും ഉത്തരവ് ബാധകമാക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ എൽ പി, യു പി ഹൈസ്‌കൂളുകളിൽ 2019-20 വർഷത്തെ തസ്തികകൾ പ്രകാരം തന്നെ ഒഴിവുകൾ കണക്കാക്കുന്നതിനും പി എസ് സി നിയമനം നടത്തുന്നതിനും സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതേ മാനദണ്ഡം ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ബാധകമാക്കിയിട്ടില്ല. നിലവിലെ ഒഴിവുകളിലടക്കം നിയമനം നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ചെയ്തിട്ടില്ലാത്തവിധം ഹയർസെക്കൻഡറി സ്‌കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഒട്ടനേകം ഉദ്യോഗാർഥികളുടെ ഭാവി ഇരുളിലാക്കുന്നതാണ്. നിലവിൽ ജൂനിയർ തസ്തിക അധികമാണെന്നതിനാലാണ് നിയമനത്തിലെ മെല്ലെപ്പോക്ക് എന്നാണ് സൂചന. 1,500 സീനിയർ അധ്യാപക തസ്തികകളിൽ വരുന്ന ഒഴിവുകൾ സമയബന്ധിതമായി നികത്തുകയും മുൻ വർഷങ്ങളിലെ ബാച്ചുകളിലെ തസ്തികകൾ അനുവദിക്കുകയും ചെയ്യുന്ന മുറക്ക് തസ്തിക അധികരിക്കുകയില്ല. കൂടുതൽ പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടും. പല ഉദ്യോഗാർഥികളും ഇനിയും പി എസ് സി പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവരാണ്.