Higher Secondary Syllabus
ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകം; കേന്ദ്രനിര്‍ദേശം നടപ്പാക്കാനാകില്ലെന്ന് കേരളം
മുഗള്‍ രാജവംശ ചരിത്രം, ഗുജറാത്ത് വംശഹത്യ, കര്‍ഷക സമരം എന്നിവ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കില്ല
തിരുവനന്തപുരം | ഹയര്‍സെക്കന്‍ഡറി ചരിത്ര പാഠപുസ്തകങ്ങളില്‍ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം അപ്പാടെ അംഗീകരിക്കാനാകില്ലെന്ന് കേരളം. മുഗള്‍ രാജവംശത്തെക്കുറിച്ചുള്ള ചരിത്രവും ഗുജറാത്തിലെ മുസ്ലിം വംശഹത്യയും രാജ്യം ശ്രദ്ധിച്ച കര്‍ഷക സമരങ്ങളും പാഠഭാഗത്ത് നിന്ന് നീക്കം ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശമാണ് കേരളം നിരസിച്ചത്.
ഇതുസംബന്ധിച്ച് എസ് സി ഇ ആര്‍ ടി റിപ്പോര്‍ട്ട് ഹയര്‍ സെക്കന്‍ഡറി വകുപ്പിന് കൈമാറി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ സി ഇ ആര്‍ ടി പാഠഭാഗങ്ങള്‍ വെട്ടിചുരുക്കുന്നത്. കേന്ദ്രം പ്രധാനമായും ഒഴിവാക്കുന്നത് മുസ്ലിം രാജവംശങ്ങളെക്കുറിച്ചുള്ള കൈടകത്തലുകളും തങ്ങളുടെ രാഷ്ട്രീയ അജന്‍ഡക്ക് ഭീഷണിയായി നില്‍ക്കുന്ന ഭാഗങ്ങളുമാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള എന്‍ സി ഇ ആര്‍ ടിയുടെ നിര്‍ദേശമാണ് കേരളം തള്ളുന്നത്.
എന്‍ സി ആര്‍ ടിയുടെ നിര്‍ദേശം സംബന്ധിച്ച് എസ് സി ആര്‍ ടി പഠനം നടത്തുകയും വിദ്യഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. പാഠഭാഗങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്.
ഏതൊക്കെ പാഠഭാഗങ്ങള്‍ പഠിപ്പിക്കണം എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ് സി ഇ ആര്‍ ടി വ്യക്തമാക്കുന്നുണ്ട്. പാഠഭാഗങ്ങള്‍ ഒവിവാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചാലും സംസ്ഥാനങ്ങള്‍ക്ക് തീരമാനമെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.