Kerala
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: കമ്പനി എം ഡി. കെ ഡി പ്രതാപന്‍ അറസ്റ്റില്‍
എച്ച് ആര്‍ കറന്‍സി ഇടപാടുകളിലൂടെ കോടികള്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.
തിരുവനന്തപുരം | ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ കമ്പനി എം ഡി. കെ ഡി പ്രതാപന്‍ അറസ്റ്റില്‍. ഇ ഡിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത്.
എച്ച് ആര്‍ കറന്‍സി ഇടപാടുകളിലൂടെ കോടികള്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്. കേസിലെ ആദ്യ അറസ്റ്റാണിത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. മുന്‍ എം എല്‍ എ. അനില്‍ അക്കരയുടെ പരാതിയിലായിരുന്നു ഇ ഡി അന്വേഷണം.
സമാനതകളില്ലാത്ത തട്ടിപ്പാണ് ഹൈറിച്ച് ഉടമകള്‍ നടത്തിയതെന്ന് ഇ ഡി പറഞ്ഞു.1,600 കോടിയിലേറെ രൂപയാണ് ആയിരക്കണക്കിന് ആളുകളില്‍ നിന്നായി സമാഹരിച്ചത്. ക്രിപ്‌റ്റോ കറന്‍സിയുടെയും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെയും മറവിലായിരുന്നു തട്ടിപ്പ്. മെമ്പര്‍ഷിപ്പ് ഫീസ് എന്ന പേരിലാണ് ഇടപാടുകാരില്‍ നിന്ന് പണം സ്വീകരിച്ചത്. ഹൈറിച്ച് സ്മാര്‍ടെക് എന്ന കമ്പനിയിലൂടെയാണ് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തിയിരുന്നത്. 15 ശതമാനം പലിശയാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി ചൂണ്ടിക്കാട്ടി അനവധി കേസുകള്‍ ഹൈറിച്ച് ഉടമകള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. ഏകദേശം 3,141 കോടിയിലേറെ രൂപ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും സമാഹരിച്ചതായി സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇ ഡി ഈ കേസ് അന്വേഷിച്ചത്. ഓണ്‍ലൈന്‍ വഴി പലചരക്ക് ഉള്‍പ്പെടെ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനി ഓണ്‍ലൈന്‍ മണിചെയിന്‍ അടക്കം ആരംഭിക്കുകയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തുകയും ചെയ്തുവെന്നതടക്കം ഒട്ടേറെ പരാതികള്‍ നിലവിലുണ്ട്.
നേരത്തെ, 126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജി എസ് ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ ഡി പ്രതാപന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
വിദേശത്തേക്ക് പണം കടത്തുന്നു എന്ന പരാതിയില്‍ ഇ ഡി റെയ്ഡ് നടത്തിയെങ്കിലും കമ്പനി എംഡി പ്രതാപനും ഭാര്യയും കമ്പനി സി ഇ ഒയുമായ ശ്രീനയും രക്ഷപ്പെട്ടു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്നു ചൂണ്ടിക്കാട്ടിയ ഇ ഡി, കേരളത്തില്‍ മാത്രം 19 സ്ഥലങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.
തൃശൂര്‍ ആസ്ഥാനമായ ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്’ 1,630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചേര്‍പ്പ് പൊലീസ് നേരത്തെ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.