Connect with us

Kerala

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്: പ്രതികളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

രാവിലെ 9.30 ന് ഹാജരാകാനാണ് നിര്‍ദേശം.

Published

|

Last Updated

തൃശൂര്‍| ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളായ കെ.ഡി പ്രതാപനെയും ഭാര്യ ശ്രീനയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് വിണ്ടും ചോദ്യം ചെയ്യും. രാവിലെ 9.30 ന് ഹാജരാകാനാണ് നിര്‍ദേശം. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വളരെ വിശദമായി ഇഡി സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സി വഴി സമാഹരിച്ച പണം പ്രതികള്‍ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസവും പ്രതികളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇന്ന് കൂടുതല്‍ പേരെ ഇഡി ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. വിജേഷ് പിള്ളയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെ കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍.

ക്രിപ്‌റ്റോ കറന്‍സിയിലൂടെ  പ്രതികള്‍ 482 കോടി രൂപ സമാഹരിച്ചിരുന്നു.മണി ചെയിന്‍ തട്ടിപ്പ് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 1630 കോടിയുടെ തട്ടിപ്പാണ് ഹൈറിച്ച് കമ്പനിയുടേതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തൃശൂര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലാണ്.

ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ചേര്‍പ്പ് എസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന പരാമര്‍ശമുണ്ട്. നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

Latest