National
ഹിജാബ് നിരോധനം പിന്‍വലിക്കണം; മദ്യം ടൂറിസത്തിന്റെ ഭാഗമല്ല: കേന്ദ്രത്തിനെതിരെ ലക്ഷദ്വീപ് എംപി
മദ്യം ടൂറിസത്തിന്റെ ഭാഗമെന്ന വാദം തെറ്റാണ്. മദ്യം ഇല്ലാതിരുന്നിട്ടും ടൂറിസത്തിന്റെ ഭാഗമായി ആളുകള്‍ ദ്വീപില്‍ എത്തുന്നുണ്ട്.
ലക്ഷദ്വീപ്| കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ അദ്ദേഹം പ്രതികരിച്ചു. ഇന്നലെയാണ് സ്‌കൂളുകളില്‍ ഏകീകൃത യൂണിഫോം കോഡ് സംബന്ധിച്ച് ഉത്തരവിറക്കിയത്. നടപടി ഉടന്‍ പിന്‍വലിക്കണമെന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ തുടങ്ങുമെന്നും എംപി മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
നിലവില്‍ മദ്യനിരോധന മേഖലയാണ് ലക്ഷദ്വീപ്. ജനവാസമില്ലാത്ത അഗത്തിയില്‍ നിന്ന് ഒമ്പത് മൈല്‍ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമായി ഇപ്പോള്‍ നിയന്ത്രണത്തോടെ മദ്യവിതരണമുണ്ട്. ഇത് ആള്‍പ്പാര്‍പ്പുള്ള ദ്വീപുകളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ടൂറിസത്തിന്റെ പേരില്‍ ദ്വീപില്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ മദ്യവില്‍പ്പന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്. ഇത് പിന്‍വലിക്കണം.
ലക്ഷദ്വീപിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം കണ്ടിട്ടില്ല. അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്രം തിരികെ വിളിക്കുന്നില്ല. മദ്യനിരോധനം സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും മദ്യനിരോധനം പിന്‍വലിച്ചത് ഏകപക്ഷീയമായാണെന്നും മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
മദ്യം ടൂറിസത്തിന്റെ ഭാഗമെന്ന വാദം തെറ്റാണ്. മദ്യം ഇല്ലാതിരുന്നിട്ടും ടൂറിസത്തിന്റെ ഭാഗമായി ആളുകള്‍ ദ്വീപില്‍ എത്തുന്നുണ്ട്. സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയെന്ന് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. രണ്ട് വിഷയങ്ങള്‍ ഉന്നയിച്ച് നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും നല്‍കുമെന്നും ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹിയില്‍ പറഞ്ഞു.