Connect with us

Ongoing News

ഹിജാബ് വിവാദം; കര്‍ണാടക ഹൈക്കോടതി വിധി ഇന്ന്

Published

|

Last Updated

ബെംഗളൂരു | ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25 ന് കേസ് വിധി പറയാന്‍ മാറ്റിയതായിരുന്നു. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച വിവിധ ഹരജികളിലാണ് മൂന്നംഗ ബഞ്ച് വിധി പറയുക. അതിനിടെ, വിധി പ്രസ്താവവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈമാസം 21 വരെയാണ് നിരോധനാജ്ഞ. പ്രതിഷേധങ്ങള്‍, ആഹ്ലാദ പ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ വിലക്കിയിട്ടുണ്ട്.

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്. ഉത്തരവിനെതിരെ മുസ്ലിം വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്.