Connect with us

hijab issue

ഹിജാബ് വിവാദം: രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഗൂഢതന്ത്രമെന്ന് എസ് വൈ എസ്

ഹിജാബ് പോലുള്ള വിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷടിച്ച് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തരുതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

Published

|

Last Updated

മലപ്പുറം | ഹിജാബ് അടക്കമുള്ള വിവിധ വിഷയങ്ങള്‍ വിവാദമാക്കി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ഗൂഢ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എസ് വൈ എസ് മലപ്പുറം സോണ്‍ എക്‌സിക്യൂട്ടീവ് സംഗമം ചൂണ്ടിക്കാട്ടി. മത ഭേദമന്യേ വളരെ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന ഇടങ്ങളില്‍ വെറുപ്പിന്റെ വിത്ത് പാകാനുള്ള ശ്രമങ്ങള്‍ അനുവദിക്കരുത്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ പോലും അക്രമങ്ങള്‍ അഴിച്ചു വിടുന്ന ഫാഷിസത്തിന്റെ വികൃതമുഖം തുറന്നു കാട്ടണം. ഏതൊരു മത വിശ്വാസിക്കും ഇഷ്ടമുള്ളത് കഴിക്കാനും ധരിക്കാനുമുള്ള അവകാശം ഭരണഘടന വകവെച്ചു തരുന്നുണ്ട്. ഹിജാബ് പോലുള്ള വിഷയങ്ങളില്‍ വിവാദങ്ങള്‍ സൃഷടിച്ച് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തരുതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

സ്വലാത്ത് നഗര്‍ മഅദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടി എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി ഉദ്ഘാടനം നിര്‍വഹിച്ചു. സോണ്‍ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ സര്‍ക്കിളുകളില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ അവലോകനവും കരിയര്‍ പരിശീലനത്തിനുള്ള ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, അടുക്കളത്തോട്ടം, ഭിന്നശേഷി സംഗമം, വിവിധ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു.

നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, സിദ്ദീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, അബ്ദുസ്സലാം കോഡൂര്‍, മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, ഹുസൈന്‍ മിസ്ബാഹി മേല്‍മുറി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബദ്‌റുദ്ദീന്‍ കോഡൂര്‍, അഹമ്മദലി വരിക്കോട്, അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുമുറി, സിദ്ദീഖ് പുല്ലാര, അക്ബര്‍ പുല്ലാണിക്കോട് സംസാരിച്ചു.