Hijab Row in Karnataka
ഹിജാബ് വിഷയം: അടിയന്തരമായി പരിഗണിക്കില്ല- സുപ്രീം കോടതി
കര്‍ണാടകയില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുന്നു; ഉചിതമായ സമയത്ത് ഇടപെടും- ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി | ഹിജാബ് വിഷയത്തില്‍ വിധി വരുംവരെ കോളജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഉചിതമായ സമയത്ത് കോടതിയുടെ ഇടപെടല്‍ ഉണ്ടാകും. കര്‍ണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു.
കര്‍ണാടകത്തില്‍ നടക്കുന്നത് തങ്ങള്‍ വീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതിയാണ് ആദ്യം തീരുമാനം എടുക്കേണ്ടത്. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും രമണ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരായ ഉത്തരവ് ചോദ്യംചെയ്തുള്ള ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുംവരെ കോളജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് ഇന്നലെഇടക്കാല ഉത്തരവിലൂടെ കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്.