Editorial
ഹിജാബ്: കീഴ്‌ക്കോടതികളെ തിരുത്തി സുപ്രീം കോടതി
എന്ത് വസ്ത്രം ധരിക്കണമെന്നത് വിദ്യാര്‍ഥികളുടെ അവകാശമാണെന്ന കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി കീഴ്‌ക്കോടതി വിധികളെ തള്ളിക്കളയുന്നതാണ്. മതേതര സമൂഹത്തിനും മുസ്‌ലിം സമൂഹത്തിനും ഇത് ആശ്വാസം പകരുന്നു.
“പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമോ?’- മുംബൈ ആചാര്യ മറാത്ത കോളജില്‍ ഹിജാബ് നിരോധിച്ച കേസില്‍ സുപ്രീം കോടതിയുടേതാണ് ഈ ചോദ്യം. എന്ത് വസ്ത്രം ധരിക്കണമെന്നത് വിദ്യാര്‍ഥികളുടെ അവകാശമാണെന്നും അതടിച്ചേല്‍പ്പിക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബഞ്ച് പറഞ്ഞു. ക്യാമ്പസില്‍ ഹിജാബ് വിലക്കുന്ന കോളജധികൃതരുടെ സര്‍ക്കുലര്‍ കോടതി ഭാഗികമായി സ്റ്റേ ചെയ്യുകയുമുണ്ടായി. കോളജില്‍ ഹിജാബിന് അനുമതി ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത്തരത്തില്‍ ഒരു നിരോധത്തെക്കുറിച്ച് സംസാരിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള പൗരന്മാരുടെ അവകാശം. കോടതികള്‍ തന്നെ പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുട്ടസ്വാമി / യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ (2017) സുപ്രീം കോടതി “സ്വകാര്യതക്കുള്ള അവകാശം വിശ്വാസം, വസ്ത്രധാരണ പോലുള്ള പൊതുയിടങ്ങളില്‍ പ്രകടിപ്പിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കും ബാധകമാണെ’ന്ന് വ്യക്തമാക്കിയിരുന്നു. അവര്‍ എന്ത് കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, അവരുടെ വ്യക്തിപരമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ജിവിതത്തില്‍ ആരുമായി ബന്ധപ്പെടണം എന്ന് ഭരണകൂടം ആരോടും പറയാന്‍ ആഗ്രഹിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2014ല്‍ നാഷനല്‍ ലീഗല്‍ അതോറിറ്റി കേസിലും കോടതി ഇതേ വീക്ഷണം പ്രകടിപ്പിച്ചു. “ഒരാളുടെ വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കാനാകില്ല’ എന്നാണ് ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ അംഗീകരിച്ചു കൊണ്ട് ജസ്റ്റിസ് രാധാകൃഷ്ണന്‍ അന്ന് പ്രസ്താവിച്ചത്.
ഹിജാബ് നിരോധത്തിലൂടെ നിഷേധിക്കപ്പെടുന്നത് ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളാണ്. വസ്ത്രധാരണത്തിനുള്ള അവകാശം അനുഛേദം 25(1) അനുസരിച്ച് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശം മാത്രമല്ല, മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം കൂടിയാണെന്ന് നിയമജ്ഞര്‍ പറയുന്നു. അനുഛേദം 25(1) ആരംഭിക്കുന്നത് തന്നെ “മനസ്സാക്ഷിക്കുള്ള അവകാശം’ എന്ന വാക്കോടെയാണ്. അതിനു ശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്.
മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് മതപരമായ വസ്ത്രം മാത്രമല്ല, തലമുറകളായി അനുഷ്ഠിച്ചു വരുന്ന തനത് സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ന്യൂനപക്ഷത്തിന്റെ അവകാശത്തെക്കുറിച്ച് പറയുന്നതാണ് അനുഛേദം 29. ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ ശീലിച്ച വസ്ത്രധാരണ രീതി ഉള്‍പ്പെടെ ഏതൊരു വിഭാഗത്തിനും സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ ഭാഗമാണ്. പൊതുസമാധാനത്തിനോ സുരക്ഷക്കോ എതിരാകാത്ത കാലത്തോളം ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അനുഛേദം 25ഉം അനുവദിക്കുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാറും കോടതികളും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന പ്രവണതയാണ് പലപ്പോഴും കാണാവുന്നത്.
2018ല്‍ തിരുവനന്തപരും ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പര്‍ദ വിലക്കിയ സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ രണ്ട് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹരജിയില്‍ പര്‍ദ വിലക്കിനെ ശരിവെക്കുന്ന വിധിപ്രസ്താവമാണ് കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഏത് വസ്ത്രം ധരിക്കണമെന്നത് ഒരാളുടെ മൗലികാവകാശമെന്നതു പോലെ, ഒരു സ്ഥാപനത്തിന് അതെങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് ഭരണഘടന നല്‍കുന്ന അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യക്തികളുടെ അവകാശവും സ്ഥാപനങ്ങളുടെ അവകാശവും ഏറ്റുമുട്ടുന്നിടത്ത് പൊതുതാത്പര്യം മുന്‍നിര്‍ത്തി സ്ഥാപനങ്ങളുടെ അവകാശത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമായിരുന്നു പര്‍ദ വിലക്കിന് കോടതി പറഞ്ഞ ന്യായീകരണം. കര്‍ണാടകയിലുണ്ടായ പര്‍ദ വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയും സമാനമായ വീക്ഷണമാണ് പ്രകടിപ്പിച്ചത്.
ഭരണഘടനയെ കൂട്ടുപിടിച്ച് പൗരാവകാശങ്ങളെ എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാകുമെന്ന് കാണിക്കുന്നതാണ് ഈ രണ്ട് വിധിപ്രസ്താവങ്ങളും. യൂനിഫോമെന്ന പേരില്‍ വിദ്യാലയങ്ങളില്‍ പുതിയ നിയന്ത്രണം കൊണ്ടുവന്ന്, സാംസ്‌കാരികത്തനിമയുടെയും മതവിശ്വാസത്തിന്റെയും ഭാഗമായി പ്രത്യേക വസ്ത്രധാരണം സ്വീകരിക്കുന്നവരെ സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും പുറത്താക്കി അവരുടെ വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഭരണഘടനയെ ഉപയോഗപ്പെടുത്തി ന്യായീകരിക്കുന്ന കോടതി വിധികളെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. “സ്ഥാപിതമായ അനീതികള്‍ക്ക് അംഗീകാരം നല്‍കലാണ് നീതിന്യായ’മെന്ന സാമൂഹിക വിമര്‍ശകരുടെ വരികളെ അന്വര്‍ഥമാക്കുന്നു ഹൈക്കോടതി പ്രസ്താവങ്ങള്‍.
ഹിജാബ് പഴഞ്ചനും പുരോഗമനത്തിന് നിരക്കാത്തതുമാണെന്ന, ഇസ്‌ലാമിക വിരുദ്ധര്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ധാരണയില്‍ ചിലപ്പോള്‍ കോടതികളും അകപ്പെട്ടു പോകുന്നുണ്ടോ എന്ന് സന്ദേഹിക്കേണ്ടതുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ, ഉദ്യോഗ രംഗങ്ങളിലെ മുന്നേറ്റം തടയാന്‍ ഹിന്ദുത്വ ഫാസിസം സൃഷ്ടിച്ചെടുത്തതാണ് ഇന്ത്യയില്‍ പര്‍ദ വിരുദ്ധ ചിന്താഗതി. അവരുടെ കുത്സിത നീക്കങ്ങള്‍ക്കും വസ്ത്ര-ഭക്ഷണ-ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ അധിനിവേശത്തിനും ഇത് ശക്തി പകരാനിടയാക്കും. എന്ത് വസ്ത്രം ധരിക്കണമെന്നത് വിദ്യാര്‍ഥികളുടെ അവകാശമാണെന്ന കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി കീഴ്‌ക്കോടതി വിധികളെ തള്ളുക്കളയുന്നതാണ്. മതേതര സമൂഹത്തിനും മുസ്‌ലിം സമൂഹത്തിനും ഇത് ആശ്വാസം പകരുന്നു.