From the print
'ഹില്ലി അക്വ' ഉത്പാദനം ഇനി മലബാറിലും
ഉത്പാദനവും വരുമാനവും ഉയര്‍ന്നു. ബെംഗളൂരുവിലും കുപ്പിവെള്ളം ലഭ്യമാകും • മൂന്ന് മാസത്തിനകം എത്തിക്കും. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും വിതരണത്തിന് ആലോചന.
കൊച്ചി | സര്‍ക്കാര്‍ വിപണിയിലെത്തിക്കുന്ന ‘ഹില്ലി അക്വ’ കുപ്പിവെള്ളത്തിന് ആവശ്യക്കാരേറിയതോടെ മലബാര്‍ മേഖലയില്‍ നിന്ന് കുപ്പിവെള്ളം ഉത്പാദിപ്പിക്കാന്‍ സംവിധാനമൊരുങ്ങുന്നു. ഹില്ലി അക്വയുടെ മുന്നാമത് പ്ലാന്റിന്റെ പ്രവര്‍ത്തനം പെരുവണ്ണാമുഴിയില്‍ തുടങ്ങാനാണ് പദ്ധതി. പ്ലാന്റ് സ്ഥാപിക്കുന്നതിനും മറ്റുമായി മൂന്ന് ഏക്കര്‍ ഭൂമി ജലവിഭവ വകുപ്പിന് കീഴിലെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന് (കിഡ്‌കോ) കൈമാറി കിട്ടി. സര്‍ക്കാറിന്റെ അന്തിമ അനുമതി ലഭ്യമാകുന്നതോടെ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മണിക്കൂറില്‍ 7,500 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് കുപ്പിയിലാക്കാനുള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുന്നത്.
നിലവില്‍ തൊടുപുഴയിലും അരുവിക്കരയിലുമാണ് ഹില്ലി അക്വയുടെ ഉത്പാദനം നടക്കുന്നത്. പ്രതിദിനം 80,000 ലിറ്റര്‍ കുപ്പിവെള്ളമാണ് ഹില്ലി അക്വ പുറത്തിറക്കുന്നത്. തൊടുപുഴ മലങ്കരയിലെ പ്ലാന്റില്‍ നിന്ന് 50,000 ലിറ്ററും അരുവിക്കരയില്‍ നിന്ന് 30,000 ലിറ്ററുമാണ് പ്രതിദിന ഉത്പാദനം. വിപണനം വര്‍ധിച്ചതോടെ പ്ലാന്റുകളില്‍ കുപ്പിവെള്ളത്തിന്റെ ഉത്പാദനം 70 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് പ്ലാന്റുകളിലെയും കുപ്പിവെള്ളത്തിന്റെ ഉത്പാദനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുവണ്ണാമുഴിയിലെ കുപ്പിവെള്ള പ്ലാന്റ് കൂടി സജ്ജമാകുന്നതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിപണിയില്‍ കാര്യമായി ഇടപെടാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിക്ക് മൊത്തവരുമാനത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.22 കോടിയാണ് കുപ്പിവെള്ള വില്‍പ്പനയിലൂടെ ലഭിച്ചതെങ്കില്‍ നിലവില്‍ അത് 8.75 കോടിയായി ഉയര്‍ന്നു. റേഷന്‍ കടകള്‍ വഴിയുള്ള കുപ്പിവെള്ള വിതരണവും തുടങ്ങിയിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റേഷന്‍ കടയിലൂടെയുള്ള വിതരണം സജീവമായിട്ടുള്ളത്. ദിവസങ്ങള്‍ക്കകം ഇത് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിക്കാന്‍ തീരുമാനിച്ചതായും ഹില്ലി അക്വ ജനറല്‍ മാനേജര്‍ വി സജി പറഞ്ഞു. അതേ സമയം, കുപ്പിവെള്ളത്തിന്റെ വിതരണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബെംഗളൂരുവിലാണ് മൂന്ന് മാസത്തിനകം വിതരണത്തിനെത്തിക്കുക.
മറ്റ് സംസ്ഥാനങ്ങളില്‍ അവിടുത്തെ പരമാവധി വില്‍പ്പന വില ഈടാക്കി വിതരണം നടത്താനാണ് തീരുമാനം. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഹില്ലി അക്വ ഉത്പന്നങ്ങള്‍ വിതരണം നടത്തുന്നതിനുള്ള നടപടിക്രമങ്ങളും ആലോചിച്ചിട്ടുണ്ട്.സ്വകാര്യ കുപ്പിവെള്ള വിതരണക്കാര്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോള്‍, 15 രൂപക്കാണ് ഹില്ലി അക്വ കടകളില്‍ നല്‍കുന്നത്. റെയില്‍വേ, റേഷന്‍കട, നീതി മെഡിക്കല്‍ സ്റ്റോര്‍, സപ്ലൈകോ, ത്രിവേണി, ജയില്‍ ചപ്പാത്തി ഔട്ട് ലെറ്റ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഒരു ലിറ്ററിന് പത്ത് രൂപ നിരക്കിലും നല്‍കുന്നുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഹില്ലി അക്വയുടെ സോഡയും ശീതളപാനീയങ്ങളും ഉള്‍പ്പെടെയുള്ളവ വിപണിയിലെത്തിക്കാനും ആലോചനയുണ്ട്.