National
ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ്: സി പി എം 11 സീറ്റില്‍ മത്സരിക്കും, സി പി ഐ ഒന്നില്‍
ഇതര സീറ്റുകളില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് പാര്‍ട്ടി സി പി എം തീരുമാനം.
ഷിംല | ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ച് സി പി എം. ഒരു സീറ്റില്‍ സി പി ഐയും മത്സരിക്കും. ഇതര സീറ്റുകളില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. നവംബര്‍ 12നാണ് 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ, സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച ഒരു നേതാവിനെ കൂടി ബി ജെ പി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാം സിംഗിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആറ് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. കുല്ലു മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി നരോത്തം താക്കൂറിനെതിരെയാണ് രാംസിംഗ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം നാല് മുന്‍ എം എല്‍ എമാരെയും ഒരു മുന്‍ എം പിയെയും ബി ജെ പി സസ്‌പെന്‍ഡ് ചെയ്തിരുന്നു.