From the print
മോദിയിൽ ഒട്ടും കുറവല്ല ഹിമന്ത ബിശ്വ ശർമ
സംവരണം എന്നത് രാജ്യത്തെ പട്ടികവർഗ, പട്ടികജാതി, ഒ ബി സി വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും അതൊരിക്കലും മുസ്‌ലിംകൾക്ക് ലഭിക്കരുതെന്നുമാണ് ശർമയുടെ ആഹ്വാനം.
ഗുവാഹത്തി | പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട മുസ്‌ലിം സംവരണ വിരുദ്ധ വിദ്വേഷ പ്രസംഗം അതേ ചൂടിൽ ഏറ്റുപിടിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംവരണം എന്നത് രാജ്യത്തെ പട്ടികവർഗ, പട്ടികജാതി, ഒ ബി സി വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും അതൊരിക്കലും മുസ്‌ലിംകൾക്ക് ലഭിക്കരുതെന്നുമാണ് ശർമയുടെ ആഹ്വാനം.
മുസ്‌ലിംകളിലേക്കും സംവരണം വ്യാപിപ്പിക്കാനുള്ള പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ഉദ്ദേശ്യം ബി ജെ പി അധികാരത്തിലിരിക്കുന്ന കാലത്തോളം നടക്കില്ല. കർണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മുസ്‌ലിംകൾക്ക് നിലവിൽ ലഭിക്കുന്ന സംവരണം ബി ജെ പി നിർത്തലാക്കും. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി അവരോട് (ഇന്ത്യ സഖ്യം) പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്ക് എത്ര വേണമെങ്കിലും സ്വപ്നം കാണാം. പക്ഷേ, ഞങ്ങൾ (ബി ജെ പി) അത് അനുവദിക്കാൻ പോകുന്നില്ല- ശർമ പറഞ്ഞു.
മുസ്‌ലിം സംവരണ വിഷയത്തിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറുകൾക്കെതിരെ നരേന്ദ്ര മോദി നേരത്തേ ആഞ്ഞടിച്ചിരുന്നു. പട്ടികജാതി, പട്ടികവർഗ, ഒ ബി സി, മറ്റ് അവശ വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണം മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് നൽകാൻ അനുവദിക്കില്ലെന്നാണ് തെലങ്കാനയിലെ സഹീറാബാദിൽ മോദി പറഞ്ഞത്.