Connect with us

prathivaram story

ഹിന്ദ് റജബ്

ദൂരെ അപ്പോഴും നക്ഷത്രം കരയുന്നുണ്ടായിരുന്നു. നിങ്ങൾ അനുവദിച്ചിരുന്നെങ്കിൽ ഭൂമിയിൽ എന്റെ കളിയും ചിരിയും ഇപ്പോഴും മുഴങ്ങുമായിരുന്നു എന്ന് നക്ഷത്രത്തിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നതു പോലെ.ഒട്ടൊരു സങ്കടത്തോടെ ആ കുഞ്ഞു നക്ഷത്രത്തെ നോക്കി നിൽക്കുമ്പോൾ അതിനെ അവൾ പേരു ചൊല്ലി വിളിച്ചു, ‘ഹിന്ദ് റജബ്...’

Published

|

Last Updated

ത്തുതീർപ്പ് കരാറുകൾക്കപ്പുറവും വെടിയൊച്ചകൾ മുഴങ്ങിക്കൊണ്ടിരുന്നു. പരന്നൊഴുകിയ ചോരപ്പാടുകൾ തീരാൻ ഇനിയും സമയമെടുക്കും. തകർന്നുപോയ സ്വപ്നങ്ങൾക്കിടയിലും എങ്ങും മുഴങ്ങുന്ന ഒത്തുതീർപ്പിന്റെ ആഹ്ലാദാരവങ്ങൾ കേൾക്കാം. മിസൈലിൽ കരിഞ്ഞുപോയ സമാധാനത്തിന്റെ ഒലിവ് ചില്ലകൾ ഇനിയും തളിരിട്ടു തുടങ്ങണം.

തകർന്നു കിടക്കുന്ന കൽക്കൂമ്പാരങ്ങൾക്കിടയിലൂടെ വെറുതെ മിഴികൾ പരതി. ഇവിടെ എവിടെയോ ആയിരുന്നു വീട്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ എവിടെയോ തങ്ങളുടെ വീടിന്റെ ബാക്കിയും കാണണം. അതിനുള്ളിൽ അമർന്നുപോയ പിഞ്ചുകുഞ്ഞുങ്ങളുടെ സ്വപ്നങ്ങളും കാണണം.

തകർന്നടിഞ്ഞ മണൽക്കൂനകൾക്കിടയിലൂടെ ഉമ്മയുടെ കൈ പിടിച്ച് നടക്കുമ്പോൾ അവൾ ആലോചിച്ചു. മുമ്പ് ബാപ്പയുടെ കൈ പിടിച്ച് ഓടിക്കളിച്ച മണ്ണ്. ഇവിടെ അനുജത്തി ഹിന്ദ് റജബിനൊപ്പം കളിയും ചിരിയും പങ്കിട്ട നിമിഷങ്ങൾ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ ഈറനായി.

റോഡിനരികിലെ പെട്രോൾ പമ്പിനടുത്തെത്തിയപ്പോൾ അവൾ നിന്നു. എന്തേ എന്ന അർഥത്തിൽ ഉമ്മ നോക്കി. അവളുടെ മനസ്സ് എവിടെയോ നിലച്ചുപോയ ഒരു വിളിയുടെ ദൈന്യതയിലായിരുന്നു. ഇവിടെയായിരുന്നു റജബ് പോയ കാറ് കിടന്നത്. ഉമ്മക്കും അതോർമ വന്നതുകൊണ്ടാകണം ഉമ്മയുടെ കണ്ണുകളും നിറഞ്ഞു.

അവൾ ആകാശത്തേക്ക് നോക്കി. അകലെയകലെ ഒരു നക്ഷത്രം തെളിഞ്ഞുനിന്നു. മറ്റ് നക്ഷത്രങ്ങൾക്കിടയിൽ തിളങ്ങിനിൽക്കുന്ന നക്ഷത്രം. കുഞ്ഞു നക്ഷത്രത്തിന്റെ കണ്ണിൽ നിന്ന് കണ്ണുനീർത്തുള്ളികൾ ഇടയ്ക്ക് താഴേക്കു വീണു.
“എന്നെ അറിയുമോ?’
നക്ഷത്രത്തിന്റെ ചോദ്യത്തിൽ ഓർമകളിലെവിടെയോ സങ്കടം ഒരു കടലായി ഇരമ്പിയാർത്തു. ഗസ്സയിലെ പെട്രോൾ പമ്പിനടുത്ത റോഡിൽ വെടിയുണ്ടകളേറ്റ് കാറിൽ പിടഞ്ഞമർന്ന ജീവന്റെ തുടിപ്പുകൾക്കിടയിൽ അവളുടെ നിലവിളി തിരിച്ചറിഞ്ഞു.

“ഉമ്മാ, എനിക്ക് പേടിയാകുന്നു, എങ്ങനെയെങ്കിലും എന്നെ രക്ഷപ്പെടുത്താൻ കഴിയുമോ?’
അവളുടെ ദയനീയമായ ചോദ്യം ഏത് മാതൃഹൃദയവും തകർക്കുന്നതായിരുന്നു. മെല്ലെ വിശുദ്ധ ഗ്രന്ഥത്തിലെ വരികൾ ഉരുവിട്ടു കൊണ്ട് ഉമ്മ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നപ്പോഴും അവൾ പറഞ്ഞു. “ഉമ്മാ, എനിക്ക് വല്ലാതെ പേടിയാകുന്നു, കാറിലുണ്ടായിരുന്ന എല്ലാവരെയും അവർ വെടി വെച്ചു. ഇനി ഞാൻ മാത്രം..’

നിലച്ചു പോയ മനുഷ്യ ജീവനുകൾക്കിടയിൽ പേടിച്ചരണ്ട നിമിഷങ്ങൾ. ചോരയിൽ കുതിർന്ന കാറിൽ ജീവന് വേണ്ടി കരയുന്ന ആറ് വയസ്സുകാരിയുടെ തേങ്ങൽ. ഉമ്മയുടെയും മോളുടെയും പരിദേവനങ്ങൾ എവിടെയോ മുഴങ്ങിയ വെടിയൊച്ചയിൽ അമർന്നുപോയി. ദിവസങ്ങൾക്ക് ശേഷം അവളെ കണ്ടെത്തുമ്പോൾ മരവിച്ച കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നാമ്പ് അപ്പോഴും അവശേഷിച്ചിരുന്നു. കാറിന് പുറത്തേക്ക് നീണ്ടുകിടന്ന കൈകളിൽ മനുഷ്യത്വത്തിന്റെ ഒരു കണിക അവൾ പ്രതീക്ഷിച്ചിരുന്നിരിക്കണം.

ദൂരെ അപ്പോഴും നക്ഷത്രം കരയുന്നുണ്ടായിരുന്നു. നിങ്ങൾ അനുവദിച്ചിരുന്നെങ്കിൽ ഭൂമിയിൽ എന്റെ കളിയും ചിരിയും ഇപ്പോഴും മുഴങ്ങുമായിരുന്നു എന്ന് നക്ഷത്രത്തിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നതു പോലെ. ഒട്ടൊരു സങ്കടത്തോടെ ആ കുഞ്ഞു നക്ഷത്രത്തെ നോക്കി നിൽക്കുമ്പോൾ അതിനെ അവൾ പേരു ചൊല്ലി വിളിച്ചു, ‘ഹിന്ദ് റജബ്…’

വിളി കേട്ട് റജബിന്റെ കുഞ്ഞു മിഴികൾ തിളങ്ങി. വിടരും മുമ്പ് കൊഴിഞ്ഞു പോയ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ആ കുഞ്ഞു നക്ഷത്രം താഴേക്ക് വരുന്നതായി അവൾക്ക് തോന്നി.

(ഗസ്സയിൽ പൊലിഞ്ഞ അനേകം കുരുന്നുകളിൽ വാർത്തകളിൽ നിറഞ്ഞു നിന്ന ഹിന്ദ് റജബെന്ന ആറ് വയസ്സുകാരിയുടെ ഓർമയിൽ )

---- facebook comment plugin here -----

Latest