National
ഹിൻഡൻബർഗ് റിപ്പോർട്ട്: അടിസ്ഥാനരഹിതമെന്ന് സുപ്രീം കോടതി തള്ളി കളഞ്ഞ വാദം ആവർത്തിക്കുന്നു - അദാനി ഗ്രൂപ്പ്
പുതിയ റിപോര്‍ട്ട് തന്ത്രപരമായ ദുഷ്പ്രചാരണത്തിന്റെ ഭാഗമാണെന്ന് സെബി പ്രതികരിച്ചു.
ന്യൂഡല്‍ഹി | ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ് രംഗത്ത്. സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന വ്യക്തികളുമായി അദാനിഗ്രൂപ്പിന് സാമ്പത്തിക ഇടപാടില്ലെന്ന് കമ്പനി വ്യക്തമാക്കി.പൊതുവായി ലഭിക്കുന്ന വിവരങ്ങളില്‍ കൃത്രിമത്വം സൃഷ്ടിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും പ്രസ്തുത ആരോപണങ്ങള്‍ സുപ്രീംകോടതി നേരത്തെ തള്ളിയതാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പേഴ്സന്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് യു എസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഇന്നലെ ആരോപിച്ചത്. ഈ ബന്ധം കാരണമാണ് അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വലിയ വിവരം പുറത്തുവരുമെന്ന് ഇന്നലെ രാവിലെയാണ് ഹിന്‍ഡന്‍ബര്‍ഗ് എക്സ് പോസ്റ്റില്‍ കുറിച്ചത്.
പുതിയ റിപോര്‍ട്ട് തന്ത്രപരമായ ദുഷ്പ്രചാരണത്തിന്റെ ഭാഗമാണെന്ന് സെബി പ്രതികരിച്ചു. പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ചേര്‍ത്തുള്ള നിഗമനങ്ങള്‍ മാത്രമാണിത്. വിശ്വാസ്യതയും തെളിവുമില്ലാത്ത വാദങ്ങളുടെ ആവര്‍ത്തനമാണ് റിപോര്‍ട്ടിലുള്ളത്. റിപോര്‍ട്ടിലുള്ള വ്യക്തികളുമായി കമ്പനിക്ക് ബിസിനസ്സ് പങ്കാളിത്തമില്ല. 2024 ജനുവരിയില്‍ സുപ്രീം കോടതി ഈ വാദങ്ങള്‍ തള്ളിയിട്ടുള്ളതാണെന്നും സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് വ്യക്തമാക്കി.ഹിന്‍ഡന്‍ബര്‍ഗ് സ്വഭാവഹത്യ നടത്തുകയാണ്. ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പ്രതികാരമാണിത്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണ്. ഏത് ഏജന്‍സിക്കും രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു.