Connect with us

Business

അദാനി അടക്കം പ്രമുഖരെ 'തകർത്ത' ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടി

സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ ആണ് സ്ഥാപനം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | അദാനി ഗ്രൂപ്പിന് കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടാക്കിയ റിപ്പോർട്ടുകൾ പുറത്തുവിട്ട ന്യൂയോർക്ക് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിച്ചു. സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ ആണ് സ്ഥാപനം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചത്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം വന്നതെങ്കിലും, തീരുമാനത്തിന് പിന്നിൽ പ്രത്യേക ഭീഷണിയോ മറ്റ് വ്യക്തിപരമായ കാരണങ്ങളോ ഇല്ലെന്ന് ആൻഡേഴ്സൺ വ്യക്തമാക്കി.

2023 ജനുവരിയിൽ അദാനി എന്റർപ്രൈസസിനെതിരെ ഹിൻഡൻബർഗ് രൂക്ഷ വിമർശനങ്ങളടങ്ങിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിഷയങ്ങൾ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. അദാനി ഗ്രൂപ്പ് വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിച്ച്, ആ കമ്പനികൾ വഴി സ്വന്തം ഓഹരികളിൽത്തന്നെ നിക്ഷേപം നടത്തി ഓഹരി വില കൃത്രിമമായി ഉയർത്തിക്കാണിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. ഈ റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ വലിയ ഇടിവുണ്ടായി.

അദാനി ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ ഗൗതം അദാനിയുടെ ആസ്തിയിലും വലിയ കുറവുണ്ടായി. അതുവരെ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനെന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചെങ്കിലും, ഈ വിഷയം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. പിന്നീട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഈ വിഷയത്തിൽ അന്വേഷണം നടത്തി.

ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴും, ഹിൻഡൻബർഗിന്റെ കണ്ടെത്തലുകൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. 2024 ഓഗസ്റ്റിൽ, സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെ ലക്ഷ്യമിട്ട് അദാനിക്കെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി ഹിൻഡൻബർഗ് വീണ്ടും രംഗത്തെത്തി. മാധബി ബുച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു കൺസൾട്ടൻസി സ്ഥാപനം വഴി സാമ്പത്തിക ലാഭമുണ്ടാക്കിയെന്നായിരുന്നു പുതിയ ആരോപണം. ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടിയെന്ന പ്രഖ്യാപനം വന്നത്.

Latest