Connect with us

From the print

വിടാതെ ഹിൻഡെൻബർഗ്; അദാനിയുടെ 31 കോടി ഡോളർ മരവിപ്പിച്ചു

മരവിപ്പിച്ചത് സ്വിസ്ബേങ്കിലെ നിക്ഷേപം

Published

|

Last Updated

ന്യൂഡൽഹി | അദാനി ഗ്രൂപ്പിനെതിരെ വെളിപ്പെടുത്തലുമായി വീണ്ടും ഹിൻഡെൻബർഗ്. വ്യാജരേഖ ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലാൻഡിൽ 2021ൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ 31 കോടി ഡോളറിന്റെ നിക്ഷേപം മരവിപ്പിച്ചതായി യു എസ് ഷോർട്ട് സെല്ലറായ ഹിൻഡെൻബർഗ് വ്യക്തമാക്കി. വിവിധ സ്വിസ്സ് ബേങ്കിലെ നിക്ഷേപമാണ് മരവിപ്പിച്ചത്. എന്നാൽ ഈ വാർത്ത ശക്തമായി നിഷേധിച്ച് അദാനി ഗ്രൂപ്പ് പ്രസ്താവനയിറക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരെ ഒരു സ്വിസ്സ് കോടതിയിലും നടപടികളില്ല. കമ്പനിയുമായി ബന്ധമുള്ള ഒരു അക്കൗണ്ടും, ഒരു ഏജൻസിയും മരവിപ്പിച്ചിട്ടുമില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അദാനി ഗ്രൂപ്പിനെതിരെ സ്വിറ്റ്‌സർലാൻഡിൽ വിവിധതലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഹിൻഡെൻബർഗ് എക്‌സിൽ വെളിപ്പെടുത്തിയത്. സ്വിസ്സ് ക്രിമിനൽ കോടതി പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചാണ് ഹിൻഡെൻബർഗിന്റെ ആരോപണം. സ്വിസ്സ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതെന്നും ഹിൻഡെൻബർഗ് വ്യക്തമാക്കുന്നു.
സ്വിറ്റ്‌സർലാൻഡിൽ അദാനി ഗ്രൂപ്പ് നടത്തുന്ന ബിനാമി ഇടപാടുകളിലാണ് ജനീവ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണം നടത്തുന്നതെന്ന് സ്വിസ്സ് മാധ്യമത്തെ ഉദ്ധരിച്ച് ഹിൻഡെൻബർഗ് വിശദീകരിക്കുന്നു. ഈ അന്വേഷണം പുരോഗമിക്കവേ അദാനിയുമായി ബന്ധപ്പെട്ട ആറ് സ്വിസ്സ് ബേങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. തങ്ങൾ പുറത്തുവിട്ട വിവരങ്ങളാണ് ഈ കേസിലേക്ക് നയിച്ചതെന്നും ഹിൻഡെൻബർഗ് പറയുന്നു.
ഓഹരിവിലകൾ കൂട്ടിവെക്കാൻ അദാനി ഗ്രൂപ്പ് കൃത്രിമത്വം കാണുന്നുവെന്നും കടലാസ് കമ്പനികളെ ഉപയോഗിച്ച് നിക്ഷേപ ചട്ടങ്ങൾ മറികടക്കുന്നുവെന്നുമായിരുന്നു ഹിൻഡെൻബർഗിന്റെ ആദ്യ റിപോർട്ടിൽ പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷിക്കാൻ നിയുക്തയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു രണ്ടാമത്തെ റിപോർട്ട്. സെബി മേധാവി മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളിൽ രഹസ്യനിക്ഷേപമുണ്ടെന്ന വിവരങ്ങളായിരുന്നു ആ റിപോർട്ടിലെ സുപ്രധാന ഭാഗം.

---- facebook comment plugin here -----

Latest