National
ഹിന്ദി മാതൃ ഭാഷകളെ കൊല്ലുന്നു; 25 ഉത്തരേന്ത്യൻ പ്രാദേശിക ഭാഷകൾ നാമാവശേഷമായി: എം കെ സ്റ്റാലിന്‍
കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ചെന്നൈ | തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ നടപ്പിലാക്കുന്നതിനെതിരെ വിമര്‍ശനം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഉത്തരേന്ത്യയിലടക്കം ഹിന്ദി ഭാഷ നടപ്പിലാക്കിയതിന്റെ ഫലമായി 25 പ്രാദേശിക ഭാഷകള്‍ നശിച്ചു. ബീഹാറിലും ഉത്തര്‍പ്രദേശിലും മാതൃഭാഷ ഒരിക്കലും ഹിന്ദിയായിരുന്നില്ല, അവരുടെ യഥാര്‍ത്ഥ ഭാഷകള്‍ ഇപ്പോള്‍ വെറും ഭൂതകാല അവശിഷ്ടം മാത്രമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദി അടിച്ചേല്‍പ്പിച്ചത് കാരണം ഭോജ്പുരി, മൈഥിലി, ബ്രാജ് എന്നിങ്ങനെ നിരവധി പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങിയിട്ടുണ്ടെന്നും ഒറ്റഭാഷ അടിച്ചേല്‍പ്പിച്ചതു വഴിയാണ് മറ്റു മാതൃഭാഷകള്‍ നശിക്കുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
ഒരു ഭാഷയേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ അത് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കും. ദേശീയ വിദ്യാഭ്യാസ നയം ഒരു പിന്തിരിപ്പന്‍ നയമാണ്. അത് നടപ്പിലാക്കുന്നത് വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തുന്നത് തടയുമെന്നും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുചടങ്ങില്‍ പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍ ദേശീയ വിദ്യഭ്യാസനയം നടപ്പാക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്.സംസ്ഥാനത്ത ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന്‍ നല്‍കി വരുന്ന 2000 കോടി രൂപ തടഞ്ഞുവെക്കുമെന്ന് പറഞ്ഞ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഭീഷണിപ്പെടുത്തി എന്ന് പരാതിപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
2026 ലെ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുന്നതിനായി തമിഴ് രാഷ്ട്രീയ നേതാക്കള്‍ വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു.