National
ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണം; പ്രതിഷേധവുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍
'പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങനെയൊരു ചടങ്ങ് നടത്തരുത്.'

ചെന്നൈ | ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധവുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങനെയൊരു ചടങ്ങ് നടത്തരുതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇനി നടത്തുകയാണെങ്കില്‍ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങ് സംഘടിപ്പിക്കേണ്ടതെന്നും കത്തില്‍ പറഞ്ഞു.
ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് ഹിന്ദി ഭാഷാ മാസാചരണം നടത്തുന്നത്. ഇതിനെതിരെ ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ ഡി എം കെ വിദ്യാര്‍ഥി വിഭാഗം പ്രതിഷേധിച്ചു. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം.
എന്നാല്‍, പ്രതിഷേധത്തിനിടയിലും ദൂരദര്‍ശനിലെ പരിപാടി തുടങ്ങി. പരിപാടിയില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി പ്രസംഗിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് ഹിന്ദിയില്‍ സ്വാഗത പ്രസംഗം തുടങ്ങിയ ഗവര്‍ണര്‍ പറഞ്ഞു. തന്നേക്കാള്‍ നന്നായി ഹിന്ദി സംസാരിക്കുന്നവര്‍ ആണ് തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികള്‍.
അടിച്ചേല്‍പ്പിക്കേണ്ട ഭാഷയല്ല ഹിന്ദി. സ്വാതന്ത്ര്യത്തിന് ശേഷവും ഇംഗ്ലീഷ് ഭാഷയുടെ അടിമകളായി നമ്മള്‍ തുടര്‍ന്നു. തമിഴ്‌നാടിനെ ഇന്ത്യയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സര്‍വകലാശലകളില്‍ നിന്ന് സംസ്‌കൃതം ഒഴിവാക്കി. ഇതു വിഘടനവാദികളുടെ അജണ്ടയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.