International
ഹിന്ദുരാഷ്ട്രം: നേപ്പാളില്‍ തീവ്ര വലതുപക്ഷം ആഭ്യന്തര കലാപത്തിന്
രാജവാഴ്ച പുനസ്ഥാപിക്കണമെന്ന് ആവശ്യം

കാഠ്മണ്ഡു | രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്‍ തീവ്ര വലതുപക്ഷ വിഭാഗങ്ങള്‍ ആഭ്യന്തര കലാപത്തിന് ശ്രമം തുടങ്ങി. രാജവാഴ്ചയെ അനുകൂലിക്കുന്ന റാലിയില്‍ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും മറ്റ് രാജകീയ പിന്തുണക്കാരും പങ്കെടുത്തു.
2008-ല്‍ നിര്‍ത്തലാക്കപ്പെട്ട രാജവാഴ്ച തിരികെ വരണമെന്നും മതേതര രാഷ്ട്രത്തിന് പകരം ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കാഠ്മണ്ഠുവില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച കാഠ്മണ്ഡുവിന്റെ പല ഭാഗങ്ങളിലും രാജവാഴ്ച അനുകൂല പ്രതിഷേധക്കാര്‍ നടത്തിയ തീവെപ്പും നാശനഷ്ടങ്ങളും മൂലം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ ഒരു വീട് കത്തിക്കുകയും സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ നേപ്പാള്‍ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു രാജ്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിങ്കുനെയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
രാജവാഴ്ചയെ അനുകൂലിക്കുന്നവരും ജനാധിപത്യ വാദികളും വെവ്വേറെ പ്രകടനങ്ങള്‍ നടത്തിയതിനാല്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നൂറുകണക്കിന് പോലീസിനെ വിന്യസിച്ചു.